നവരാത്രിയില്‍ പാടിയ രാഗം നന്നായില്ല; നാടോടി ഗായകനെ മര്‍ദിച്ചു കൊന്നു

നവരാത്രി ഉത്സവത്തില്‍ പാടിയതില്‍ സ്വരം നന്നായില്ലെന്നാരോപിച്ച് ഗോത്രഗായകന്‍ അമദ് ഖാനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര ചികിത്സകന്‍ പാടാനാവശ്യപ്പെട്ട രാഗം പാടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വൃദ്ധനെ തത്സമയം മര്‍ദിക്കുകയായിരുന്നു. പിന്നീട്ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന സംഭവം ഉണ്ടായിട്ട് ദിവസങ്ങളായെങ്കിലും ഇതേപ്പറ്റി ദേശീയ മാധ്യമങ്ങളോ ചാനലുകളോ റിപ്പോര്‍ട്ട് ചെയ്തില്ല. പ്രാദേശിക പത്രങ്ങളില്‍ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെയുള്ള ചെറിയ റിപ്പോര്‍ട്ടുകളാണ് വന്നത്.

ലങ്കാര്‍ മഗനിയാര്‍ എന്ന നാടോടി സമുദായത്തിലെ അംഗമായ അമദ് ഖാന്‍ ആണ് നവരാത്രിയില്‍ ക്ഷേത്രത്തില്‍ പാടാറുള്ളത്. ഇത്തവണ ക്ഷേത്ര ചികിത്സാരി രമേഷ് സുതര്‍, ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ ആത്മാവ് തന്റെ ശരീരത്തില്‍ ആവേശിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക രാഗം പാടാന്‍ ആവശ്യപ്പെട്ടു. ‘അത്ഭുതി ചികിത്സ’ നടത്തുന്നു എന്നവകാശപ്പെടുന്നയാളാണ് രമേഷ് സുതര്‍. തനിക്ക് പരിചയമില്ലാത്ത ഈ രാഗം അമദ് ഖാന്‍ പാടിയെങ്കിലും നന്നായില്ലെന്ന് പറഞ്ഞ് രമേഷ് സുതര്‍ ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. അന്നു രാത്രി അമദ് ഖാനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം പൊലീസില്‍ പരാതിപ്പെട്ടാല്‍ എല്ലാവരെയും വധിച്ചു കളയുമെന്ന് ആള്‍ക്കൂട്ടം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുടുംബം അമദ് ഖാന്റെ മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ചു. ഭീതി കാരണമാണ് തങ്ങള്‍ ഗ്രാമം വിട്ടതെന്നും ജീവന്‍ സുരക്ഷിതമല്ലെന്നും അമദ് ഖാന്റെ സഹോദരന്‍ പറഞ്ഞു. പിന്നീട്, ബന്ധുക്കള്‍ ധൈര്യം നല്‍കിയതിനെ തുടര്‍ന്ന പൊലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. അതേസമയം, ഹൃദയാഘാതം മൂലമാണ് അമദ് ഖാന്‍ മരിച്ചത് എന്നാണ് ഗ്രാമത്തലവന്‍ പറയുന്നത്. മര്‍ദനമേറ്റാണ് ഖാന്‍ മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രാമം വിട്ടവര്‍ തിരിച്ചുവരികയാണെങ്കില്‍ അവര്‍ക്ക് എല്ലാ സുരക്ഷയും നല്‍കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ജയ്‌സാല്‍മര്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് യാദവ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top