ഹരിയാണയില്‍ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ചു. ദില്ലിയിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയില്‍ വെച്ചാണ് ഹര്‍ഷിത ദഹിയ വെടിയേറ്റു മരിക്കുന്നത്. പാനിപ്പത്തില്‍ നിന്ന് 86 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. കഴുത്തിനും നെറ്റിയിലുമുള്‍പ്പെടെ ആറിടത്താണ് വെടിയേറ്റത്. ഹരിയാണയിലെ നാടന്‍ പാട്ടുകളില്‍ ശ്രദ്ധയൂന്നിയ താരമാണ് ഷോ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങും വഴിയാണ് വെടിയേറ്റ് മരിച്ചത്. വൈകിട്ട് നാല് മണിയോടെ ഹര്‍ഷിതയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കാറില്‍ ഗായികയ്ക്കൊപ്പം സഞ്ചരിച്ചിരുന്നവരോട് കാറിന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ട അക്രമികള്‍ ഹര്‍ഷിതയ്ക്ക് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. രണ്ട് ഗായകരും സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ഹര്‍ഷിത സോഷ്യല്‍ മീഡിയയില്‍ മൊബൈല്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ താന്‍ ഇതിനെയൊന്നും ഭയക്കുന്നില്ലെന്നും ഹര്‍ഷിത പോസ്റ്റില്‍ വ്യക്തമാക്കിയുരുന്നു. എന്നാല്‍ സംഭവം പോലീസില്‍ അറിയിച്ചിരുന്നോ എന്നത് സംബന്ധിച്ച് വിവരമില്ല. എന്നാല്‍ ദില്ലിയിലെ തീഹാര്‍ ജയിലിലുള്ള ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.