കൊച്ചി: മരം വെട്ടുന്ന പണിക്കിടയില്‍ വെറുതെ ഒന്നു പാടിയതാണ് രാകേഷ് ഉണ്ണി. അതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി രാകേഷും രാകേഷിന്റെ പാട്ടും. കമല്‍ ഹാസന്റെ വിശ്വരൂപത്തിലെ ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ടായിരുന്നു രാകേഷ് പാടിയത്. പാട്ട് കേട്ട് കമല്‍ ഹാസന്‍ രാകേഷിനെ നേരിട്ട് കണ്ട് അഭിനന്ദിച്ചു. ശങ്കര്‍ മഹാദേവന്‍ ഫോണ്‍ വിളിച്ച് അഭിനന്ദിച്ചതിനോടൊപ്പം രാകേഷിനൊപ്പം പാടണമെന്നും അറിയിച്ചു. ഒടുവില്‍ ശങ്കര്‍ മഹാദേവന്‍ എന്ന പ്രതിഭയ്‌ക്കൊപ്പം രാകേഷിന് പാടാന്‍ അവസരം ലഭിച്ചു. സംഭവത്തെക്കുറിച്ച് രാകേഷ് പറയുന്നതിങ്ങനെ. ‘എന്നെ വിളിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ പെട്ടെന്നാണ് കോള്‍ വന്നത്. മൂന്ന് പാട്ട് പാടി. അതിലൊരെണ്ണം അദ്ദേഹത്തോടൊപ്പമാണ് പാടിയത്.’ രാകേഷ് പറയുന്നു. ഇന്നലെ കൊച്ചിയിലെ ഹയാത് ഹോട്ടലില്‍ വച്ച് നടന്ന സംഗീത പരിപാടിയിലാണ് ശങ്കര്‍ മഹാദേവന്‍ ഒപ്പം പാടാന്‍ രാകേഷിനെ വിളിച്ചത്. ഇതോടെ ഗോപി സുന്ദര്‍ ഉള്‍പ്പെടെ നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പാടാനും രാകേഷിന് ക്ഷണം ലഭിച്ചു.
https://youtu.be/0iON3bGnu7E