സുജാതയെപ്പോലെ മികച്ച ഗായികയുടെ പദവിയിലേക്ക് മകള്‍ ശ്വേതയും എത്തിക്കഴിഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലായി നിരവധി ഗാനങ്ങളാണ് ശ്വേത പാടിയിരിക്കുന്നത്. ഇപ്പോള്‍ തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായും എത്തുന്നുണ്ട്.
നീണ്ട നാളെത്തെ പരിചയത്തിന് ശേഷമാണ് അശ്വിന്‍ ശശിയെ ശ്വേത വിവാഹം കഴിക്കുന്നത്. ശ്വേതയുടെ സുഹൃത്ത് ആരതിയുടെ സഹോദരനായിരുന്നു അശ്വിന്‍. 2011 ജനുവരി 16നായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു മകളുണ്ട്. കഴിഞ്ഞ ഡിസംബര്‍ 1നായിരുന്നു കുഞ്ഞ് പിറന്നത്.
അശ്വിനെ ആദ്യമായി കണ്ടുമുട്ടിയത് ഒരു വിഷമം നിറഞ്ഞ സന്ദര്‍ഭത്തിലായിരുന്നുവെന്ന് ശ്വേത പറഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ആദ്യം വാതില്‍ തുറന്നത് അശ്വിനായിരുന്നുവെന്നും ശ്വേത പറഞ്ഞു.
ശ്വേതയുടെ വാക്കുകള്‍:
അശ്വിന്റെ സഹോദരി ആരതിയും ഞാനും കോളെജില്‍ ഒരുമിച്ച് പഠിച്ചവരാണ്. അവള്‍ മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ഞാന്‍ കൊമേഴ്‌സുമായിരുന്നു. ലളിതഗാന ട്രൂപ്പില്‍ ഞങ്ങള്‍ ഒരുമിച്ച് പാടുമായിരുന്നു. അങ്ങനെയാണ് അടുത്ത സുഹൃത്തുക്കളായത്.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അത്. ഞാനിത് വരെ ആരോടും പറഞ്ഞിട്ടില്ല. വിവിധ കോളെജുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന സംഗീത മത്സരമായിന്നു വോയ്‌സ് ഓഫ് ദി മില്ല്യേണ്യം എന്നത്. ഞാനും കഠിന പരിശീലനം നടത്തി പാട്ട് പാടി. കൂടെ ആരതിയും എത്തിയിരുന്നു. അവസാനം റിസല്‍ട്ട് അനൗണ്‍സ് ചെയ്തപ്പോള്‍ എനിക്ക് പ്രൈസ് ഇല്ല. മൂന്ന് സ്ഥാനങ്ങളും വേറെ ആര്‍ക്കോ ലഭിച്ചു. ഞാനാകെ തളര്‍ന്നുപോയി. പാടിയവരില്‍ എല്ലാവരും നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ഇതില്‍ പതിനഞ്ചുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കുമെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. എന്നാല്‍ ആ കൂട്ടത്തിലും എന്നെ ഉള്‍പ്പെടുത്തിയില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു.
എനിക്ക് അമ്മയെപോലെ പാട്ടുകാരിയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയം എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നപോലെയായി. ഇതുകണ്ട ആരതി അവളുടെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചു. വീട്ടില്‍ ഒരു ഗാര്‍ഡനുണ്ടെന്നും ഈ സംഭവങ്ങളൊക്കെ മറന്ന് നമുക്ക് അവിടെ കളിക്കാമെന്നും അവള്‍ പറഞ്ഞു.
അങ്ങനെ അവളുടെ വീട്ടില്‍പോയപ്പോള്‍ ആദ്യം വാതില്‍ തുറന്നത് അശ്വിനായിരുന്നു. ഞങ്ങളെ കണ്ടതും അശ്വിന്‍ അകത്തേക്ക് ഓടി. സഹോദരിയുടെ കൂട്ടുകാരിയുടെ മുന്നില്‍ ഷോര്‍ട്‌സ് ധരിച്ച് നില്‍ക്കാന്‍ ചമ്മലായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസമാണ് അത്.