പിണറായിയെ വെല്ലുവിളിച്ച് ആക്ഷന്‍ ഹിറോ എസ്ഐ ദ്വിജേഷ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും കുടംബത്തേയും അക്രമിച്ച പോലീസ് സര്‍ക്കാരിനെയും പരിഹസിക്കുന്നു

കൊച്ചി: എല്ലാം ശരിയാക്കുംമെന്ന് പറഞ്ഞ് ഭരണത്തിലേറിയ പിണറായി വിജയന്റെ പോലീസിന് കീഴിള്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ല. കസ്റ്റഡി മരണങ്ങളും പോലീസ് പീഡനങ്ങളും ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും പോലീസിന്റെ മനോവീര്യം കാത്തുസൂക്ഷി ക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമം.

കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വച്ച് ക്രൂരമായി പോലീസ് മര്‍ദ്ദനമേറ്റത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്കു കുടംബത്തിനുമാണ്. സംഭവം വിവാദമായതോടെ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയെങ്കിലും സര്‍ക്കാരിനെ വെല്ലുവിളിച്ച് ഫേയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയാണ് എസ് ഐ പകരം വിട്ടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി സനീഷ്, ഭാര്യ ഷാമില, അസിഫ്, ഭാര്യ ആഷിത ഇവരുടെ ഒരു വയസ്സുള്ള മകന്‍ റയാന്‍ എന്നിവര്‍ ഫോര്‍ട്ട് കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ സനീഷ് സിപിഎം പനയപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ്.

രാത്രി 11 മണിയോടെയാണ് സനീഷും ഭാര്യയും മറ്റ് മൂന്ന് കുടുംബങ്ങളോടൊപ്പം കടപ്പുറത്തെത്തിയത്. നിരവധി ആളുകള്‍ ഈ സമയത്ത് കടപ്പുറത്തുണ്ടാ യിരുന്നെന്ന് സനീഷ് പറഞ്ഞു. പതിനൊന്നരയോടെ എസ്ഐ ദ്വിജേഷും ഹെഡ്കോണ്‍സ്റ്റബിള്‍ രാജേഷും രാത്രിപട്രോളിംഗിന്റെ ഭാഗമായി അവിടേക്കെത്തി. അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടാണ് എസ്ഐ ഇവര്‍ക്കടുത്തേയ്ക്ക് വന്നത്. അപ്പോള്‍ തന്നെ എഴുന്നേറ്റ് കൂടെയുണ്ടായിരുന്നവരെ വിളിക്കുമ്പോഴേക്കും കോളറില്‍ പൊലീസിന്റെ പിടി വീണെന്ന് സനീഷ് പറയുന്നു.

”ഞാനും ഭാര്യ ഷാമിലയും സുഹൃത്ത് ആസിഫും ഭാര്യ ആഷിത, മകന്‍ റയാന്‍ എന്നിവര്‍ ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. കൂടെയു ണ്ടായിരുന്ന മറ്റുള്ളവര്‍ അല്‍പം ദൂരെയായിരുന്നു. ഞങ്ങള്‍ സ്ഥിരമായി വരുന്നതാണിവിടെ. ബിനാലെ നടക്കുന്ന സമയമായതിനാല്‍ കുറേപേര്‍ ഇപ്പോഴും ഇവിടെയുണ്ട്. എസ്ഐ ഞങ്ങളോട് പോകാന്‍ പറഞ്ഞപ്പോള്‍ തന്നെ എഴുന്നേറ്റു. പെണ്ണുങ്ങളുമായെന്താ ഇവിടെ എന്ന് ചോദിച്ചാണ് എസ്ഐയുടെ വരവ്. അതിനെ ചോദ്യം ചെയ്തു. അപ്പോഴേക്കും എന്നേയും ആസിഫിനേയും കോളറില്‍ പിടിച്ചു തള്ളുകയായിരുന്നു”.-സനീഷ് പറഞ്ഞു
ഇതോടെ തര്‍ക്കമാകുകയും സനീഷിനേയും ആസിഫി നേയും പിടിച്ചുവലിച്ചു കൊണ്ടുപോകാന്‍ പൊലീസ് ശ്രമിക്കുകയുമായിരുന്നു. ഞങ്ങള്‍ എവിടേയ്ക്ക് വേണമെങ്കിലും വന്നോളാം പിടിച്ചു വലിക്കല്ലേ എന്ന് പറഞ്ഞപ്പോള്‍ പിന്നെ അസഭ്യവര്‍ഷമായിരുന്നെന്ന് ആസിഫ് പറയുന്നു.

”എന്റെ കയ്യില്‍ ഒന്നരവയസ്സുള്ള മകനുണ്ടായിരുന്നു. പൊലീസ് പിടിച്ചുവലിച്ചപ്പോള്‍ അവന്‍ താഴെ വീണു. സനീഷിന്റെ നെറ്റിയില്‍ എസ്ഐ ടോര്‍ച്ച് കൊണ്ട് അടിക്കുകയായിരുന്നു.”- ആസിഫ് പറഞ്ഞു.

ഇരുവരേയും ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച ഷാമിലയേയും ആഷിതയേയും പൊലീസ് വെറുതെ വിട്ടില്ല. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ പൊലീസ് തെറി വിളിച്ചെന്ന് ഷാമില പറയുന്നു. ‘എന്തായാലും നീയൊക്കെ പരാതി കൊടുക്കുമല്ലോ, ഇതും കൂടി ചേര്‍ത്ത് കൊടുക്ക്’ എന്നായിരുന്നു എസ്ഐയുടെ വെല്ലുവിളിയെന്ന് ഷാമില പറഞ്ഞു.

സ്റ്റേഷനിലെത്തുന്നതിനിടയില്‍ വാഹനത്തില്‍ വെച്ചും പൊലീസ് മര്‍ദ്ദിച്ചെന്ന് ആസിഫ് പറയുന്നു. കൈമുട്ട് കൊണ്ട് ഇരുവരുടേയും പുറത്ത് ഇടിയ്ക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയതും ആസിഫിനെ വലിച്ചുതള്ളിയിടുകയായിരുന്നു. അവിടെ തലയിടിച്ച് ആസിഫിന്റെ നെറ്റിയില്‍ മുറിവ് പറ്റി. സ്റ്റേഷനിലുള്ളില്‍ പിന്നെ പൊലീസ് കൂട്ടമായി മര്‍ദ്ദനം തുടരുകയായിരുന്നു.

ബൂട്ട് കൊണ്ട് ചവിട്ടിയായിരുന്നു മര്‍ദ്ദനമുറകള്‍ ആരംഭിച്ചത്. ചെവി വലിച്ചു പിടിച്ചായിരുന്നു ആസിഫിനെ മര്‍ദ്ദിച്ചത്. ആസിഫിന്റെ ചെവിക്കു പിന്നിലും ഇടത്തേ കണ്ണിന് മുകളിലും മുറിവുണ്ടായി. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആസിഫിന്റെ ഷര്‍ട്ട് മുഴുവന്‍ ചേരയില്‍ മുങ്ങിയിരുന്നു. ആ ഷര്‍ട്ട് ഊരിയെടുത്ത ശേഷം ഇരുവരേയും ഫോര്‍ട്ട് കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കുള്ളതിനാല്‍ അഡ്മിറ്റ് ചെയ്യാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. ആസിഫിന്റെ മുഖത്ത് മൂന്ന് തുന്നലിട്ടിട്ടുണ്ട്.

സനീഷിനേയും ആസിഫിനേയും ഫോര്‍ട്ട് കൊച്ചി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം ഷാമിലയും ആഷിതയും മകനും കടപ്പുറത്തായി. കൂടെയുണ്ടായിരുന്ന സുഹൃത്തുകള്‍ക്കൊപ്പം ഇവരും സ്റ്റേഷനിലേക്ക് പോയി. അവിടെയെത്തി അന്വേഷിച്ചപ്പോള്‍ തോപ്പുംപടി സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് അറിയിച്ചു. അപ്പോഴേക്കും ഗര്‍ഭിണിയായ സനീഷിന്റെ ഭാര്യ ഷാമില സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണു. ഷാമിലയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സനീഷും ആസിഫും ആശുപത്രിയിലുണ്ടെന്ന വിവരം അറിഞ്ഞത്. സനീഷിന്റെ ഫോണ്‍ പൊലീസ് ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.

സര്‍ക്കാരിനെ വെല്ലുവിളിച്ച് എസ് ഐ

മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശിയായ 17 വയസ്സുകാരന്‍ മുഹമ്മദ് റാഷിദ് ഈ വര്‍ഷം ജൂലൈ 25ന് എസ്ഐ ദ്വിജേഷിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. സ്റ്റേഷനില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ചോദിച്ചറിയാന്‍ മുഹമ്മദ് റാഷിദിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് പരാതി നല്‍കിയതെന്ന് എസ്ഐയോട് പറഞ്ഞ് പരാതി ബോധിപ്പിച്ചവര്‍ ഇതിനിടയില്‍ വ്യക്തമാക്കിയിരുന്നു. അവര്‍ പരാതി പിന്‍വലിച്ചിട്ടും എസ്ഐ മുഹമ്മദ് റാഷിദിനെ സ്റ്റേഷനില്‍ പിടിച്ചുവെച്ചു.

കൂടെ വന്ന ആളെ പറഞ്ഞയച്ച ശേഷം റാഷിദിനെ നിലത്തിരുത്തി ബൂട്ടിട്ട കാലുകൊണ്ട് നെഞ്ചിനിട്ട് എസ്ഐ ബലമായി തൊഴിച്ചെന്ന് റാഷിദ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഉമ്മയേയും പെങ്ങളേയും തെറിവിളിക്കുകയും കഞ്ചാവ് കേസില്‍ കുടുക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും എസ്ഐ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം ചേദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല.

ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷന് മുന്നിലെ ഹോട്ടലില്‍ മദ്യം വിളമ്പുന്നെന്ന് പരാതി നല്‍കിയ ആളെ ദ്വിജേഷ് മുമ്പ് പരിഹസിച്ചയച്ചെന്നും പരാതിയുണ്ട്. ഇയാള്‍ പിന്നീട് ഐജിയ്ക്ക് നേരിട്ട് പരാതി നല്‍കിയതിന് ശേഷമാണ് ഇക്കാര്യത്തില്‍ നടപടിയുണ്ടായത്

ഏതായാലും സസ്പെന്‍ഷന്‍ സമയത്ത് ആഘോഷത്തിനൊരുങ്ങുകയാണെന്ന് എസ്ഐ ദ്വിജേഷ്. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. ആക്ഷന്‍ ഹീറോ ബിജുവില്‍ പറയുന്നത് പോലെ കുടുംബത്തോടൊപ്പം ഒരു എസ്ഐയ്ക്ക് ഫ്രീയായി സമയം ചിലവഴിക്കാന്‍ സസ്പെന്‍ഷന്‍ സമയത്ത് മാത്രമേ പറ്റുകയുള്ളൂ. അതിനായി തയ്യാറെടുക്കുകയാണ് എന്ന് ദ്വിജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Top