വയനാട്ടുകാരി കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം സൗദിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

റിയാദ്: വയനാട്ടിലെ കണിയാമ്പറ്റ പഞ്ചായത്ത് മുന്‍ അംഗം സിസിലി മൈക്കിള്‍ സൗദി അറേബ്യയിലെ ഹായിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തൊഴിലുടമയുടെ പീഡനം സഹിക്കാന്‍ കഴിയുന്നില്ലെന്നും ജീവന്‍ അപകടത്തിലാണെന്നും കാണിച്ച് മൂന്നു ദിവസംമുമ്പ് പരാതി സമര്‍പ്പിച്ചതിനു പിന്നാലെയാണ് സിസിലിയുടെ ദുരൂഹ മരണം.നഴ്‌സറി ടീച്ചര്‍ തസ്തികയില്‍ നല്ല ശമ്പളത്തിനാണ് എല്‍.ഐ.സി. ഏജന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ സിസിലിക്ക് വയനാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സി ജോലി വാഗ്ദാനം ചെയ്തത്. ജനുവരി 15-ന് സൗദിയിലെത്തിയ ഇവരുടെ ജോലി വീട്ടുവേലയായിരുന്നു. ഭക്ഷണവും വിശ്രമവുമില്ലാതെ കഠിനമായ ജോലി. ഇതിനു പുറമെ ശാരീരികപീഡനവും നേരിട്ടു.

ജീവന്‍ ഭീഷണിയിലാണെന്നും മകളെ രക്ഷിക്കണമെന്നും സിസിലിയുടെ അമ്മ ഈ മാസം 24-ന് എംബസിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. ബുറൈദയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഇഖ്ബാല്‍ പള്ളിമുക്കിനോടും ജീവന്‍ രക്ഷിക്കണമെന്ന് സിസിലി പറഞ്ഞിരുന്നു.ഇതിനിടെ സിസിലിയുടെ ദുരൂഹ മരണത്തെ തുടര്‍ന്ന്, വിസ ഏജന്റുമാരായ മൂന്നുപേര്‍ക്കെതിരേ സഹോദരങ്ങള്‍ കമ്പളക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. കോഴിക്കോട്ടെ റോളക്‌സ് ഏജന്‍സിയുടെ പേരില്‍ എത്തിയ മീനങ്ങാടി സ്വദേശി സലീം, കോഴിക്കോട് സ്വദേശി റഫീഖ്, സഫിയ എന്നിവര്‍ക്കെതിരെയാണ് ഈ മാസം 24ന് സിസിലിയുടെ സഹോദരങ്ങളായ ജോര്‍ജ്, ജോസ്, ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് പരാതി നല്‍കിയത്. സിസിലിയെ കബളിപ്പിച്ച വിസ ഏജന്റുമാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്നാണ് കമ്പളക്കാട് പോലീസ് പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിസിലിയെ രക്ഷിക്കണമെന്നും വിസ ഏജന്റിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിസിലിയുടെ സഹോദരന്‍ കേരള പോലീസിനും മുഖ്യമന്ത്രിക്കും നോര്‍ക്ക റൂട്‌സിനും പരാതി സമര്‍പ്പിച്ചെങ്കിലും ഫലം കണ്ടില്ലെന്നും ആക്ഷേപമുണ്ട്. നിര്‍ധന കുടുംബാംഗമായ സിസിലി 2005 മുതല്‍ കണിയാമ്പറ്റ പഞ്ചായത്ത് അംഗമായിരുന്നു. ഒരു മകളുണ്ട്.

 

Top