കോട്ടയം: സിസ്റ്റര്‍ അമല കൊലക്കേസ് പ്രതി സതീഷ് ബാബുവിനെ അന്വേഷണ സംഘം കോട്ടയത്തെത്തിച്ചു. പുലര്‍ച്ചെ ദില്ലിയില്‍നിന്നു കോട്ടയത്ത് എത്തിച്ച പ്രതിയെ കോട്ടയം പോലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യുകയാണ്.ഹരിദ്വാറില്‍ പിടിയിലായപ്പോള്‍ തന്നെ സതീഷ് ബാബു കുറ്റം സമ്മതിച്ചിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി കൃത്യം നടന്ന കോണ്‍വെന്‍റില്‍ പ്രതിയെ എത്തിക്കേണ്ടതുണ്ട്. പ്രതിയെ കേരളത്തില്‍ എത്തിക്കുന്നതിനു മാത്രമുളള താല്‍ക്കാലിക വോറണ്ട് ആണ് അന്വേഷണ സംഘത്തിന്റെ പക്കലുളളത്. ഇന്നു വൈകുന്നേരത്തോടെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കേസിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ വൈകിട്ടു 4.30ന് എഡിജിപി കെ പത്മകുമാറും ഐജി എം.ആര്‍. അജിത്ത് കുമാറും വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
സപ്തംബര്‍ 17നാണ് സിസ്റ്റര്‍ അമലയെ മഠത്തിലെ മുറിയ്ക്കുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വളഞ്ഞ ഇരുമ്പു കമ്പി കൊണ്ടു തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്നു സതീഷ് ബാബു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. മറ്റു കന്യാസ്ത്രീ മഠങ്ങളിലും ഇതേ രീതിയില്‍ ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് സൂചന.