കോട്ടയം: പാലാ കര്‍മ്മലീത്താ ലിസ്യൂ കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട കേസിലെ പ്രതിയെന്നു പൊലീസ് സംശയിക്കുന്ന സതീഷ് ബാബു (സതീഷ് നായര്‍ -38) കന്യാസ്ത്രീ മഠങ്ങളിലെ സ്ഥിരം ഒളിഞ്ഞു നോട്ടക്കാരനെന്നു പൊലീസ്. കന്യാസ്ത്രീ മഠങ്ങളില്‍ രാത്രികാലങ്ങളില്‍ സ്ഥിരമായി എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നയാളാണെന്നു പൊലീസ്. കന്യാസ്ത്രീ മഠങ്ങളില്‍ രാത്രികാലങ്ങളില്‍ എത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇയാള്‍ക്കു മാനസിക വൈകല്യങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കാസര്‍കോട് സ്വദേശിയായ സതീഷ് ഇരുപതു വര്‍ഷത്തിലേറെയായി പാലാ, രാമപുരം, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി വിവിധ സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. പകല്‍ സമയങ്ങളില്‍ നന്നായി മദ്യപിക്കുന്ന പ്രതി രാത്രി കാലങ്ങളില്‍ പ്രായമായ കന്യാസ്ത്രീകളെ ആക്രമിക്കുകയാണ് ചെയ്തിരുന്നത്. കന്യാസ്ത്രീ മഠങ്ങള്‍ക്കുള്ളില്‍ കയറുന്ന ഇയാള്‍ ബാത്ത് റൂമുകളിലും, ഇവര്‍ വസ്ത്രം മാറുന്ന സ്ഥലങ്ങളിലും എത്തി ഒളിഞ്ഞു നോക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ സ്ഥിരമായി കന്യാസ്ത്രീ മഠങ്ങളില്‍ ഒളിഞ്ഞു നോക്കിയ സംഭവത്തില്‍ സതീഷിനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു വിടുകയായിരുന്നു. നന്നായി മദ്യപിക്കുന്ന സ്വഭാവമുള്ള പ്രതിയ്ക്കു രാത്രിയില്‍ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും പൊലീ്‌സ് പറയുന്നു. ഇത്തരത്തില്‍ മാനസികമായി പ്രശ്‌നം അനുഭവിക്കുന്ന പ്രതി പ്രായമായ കന്യാസ്ത്രീകളെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നതായിരുന്നു രീതി. ഇത്തരം സംഭവത്തിനിടെയാവാം പാലായിലെ മഠത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ സംശയം.
സംഭവ ദിവസം സമാന രീതിയില്‍ മഠത്തിനുള്ളില്‍ കയറിയ പ്രതി, ഇവിടെയുള്ള ബാത്ത് റൂമുകളില്‍ ഒളിഞ്ഞു നോക്കുകയായിരുന്നു. ഇതിനിടെ മഠത്തിന്റെ മൂന്നാം നിലയിലെ മുറിയില്‍ അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുകയായിരുന്ന കന്യാസ്ത്രീയെ ആക്രമിക്കുകയായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. വിവിധ കന്യാസ്ത്രീ മഠങ്ങളില്‍ ഒളിഞ്ഞു നോട്ടത്തിനു എത്തുന്ന ഇയാള്‍ ചില്ലറ മോഷണങ്ങളും നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ഇത്തരത്തില്‍ മോഷണം നടത്തിയ മൊബൈല്‍ ഫോണുകളില്‍ ഒന്നില്‍ നിന്നു പ്രതി സുഹൃത്തിനെ വിളിച്ചിരുന്നു. പൊലീസ് നിരീക്ഷണത്തിലായിരുന്ന ഈ സുഹൃത്തിന്റെ മൊബൈല്‍ ഫോണിലേയ്ക്കു പ്രതി സതീഷ് വിളിച്ചപ്പോള്‍ പൊലീസ് നമ്പര്‍ കണ്ടെത്തുകയായിരുന്നു. പ്രതി ഉപയോഗിച്ച ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്‍തുടര്‍ന്നു പൊലീസ് സംഘം ഈ ഫോണ്‍ വിറ്റ കട കണ്ടെത്തി. പാലായിലെ മറ്റൊരു കന്യാസ്ത്രീ മഠത്തില്‍ നിന്നു പ്രതി മോഷ്ടിച്ചതാണ് ഈ ഫോണെന്നും പൊലീസ് കണ്ടെത്തി. ഈ ഫോണില്‍ പ്രതി എടുത്ത സെല്‍ഫികളാണ് കേസില്‍ നിര്‍ണായകമായി മാറിയിരിക്കുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ പൊലീസിനു ലഭിച്ചതും ഇതേ സെല്‍ഫി ചിത്രങ്ങളില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.