മരണം മുന്നില്‍ കണ്ട ഷാജുവിന് നന്മയുടെ പൂമരമായി സിസ്റ്റര്‍ മെറിന്‍; വൃക്ക ദാനത്തിലൂടെ മാതൃകയായി കന്യാസ്ത്രിയുടെ കഥ

കൊച്ചി: സ്‌കുളില്‍ നിന്നും വിരമിക്കുമ്പോള്‍ കുട്ടികള്‍ക്കായി നന്മനിറഞ്ഞ സമ്മാനം നല്‍കണം.. മാതൃകയാക്കാവുന്ന ആ സമ്മാനമായിരുന്നു സിസ്റ്റര്‍ മെറിന്റെ വൃക്ക ദാനം.

വൃക്കദാനത്തിലൂടെ മാതൃകയായ ഫാ. ഡേവിസ് ചിറമ്മല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഇത് തുണയായതു കൊല്ലം നിലമേല്‍ ആഴാന്തക്കുഴിത്തോട്ടത്തില്‍ ഷാജുവിനും. ഇരുവൃക്കകളും തകരാറിലായ 37കാരന്‍ ഷാജുവിന് രക്ഷകയായത് തൃശൂര്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന സിസ്റ്റര്‍ മെറിന്‍ പോളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടെണ്ണമുള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെ യേശുവിന്റെ ഉപദേശം ശിരസാ വഹിച്ചാണ് സിസ്റ്റര്‍ പുണ്യപ്രവര്‍ത്തിക്കെത്തിയത്. മുന്നോട്ട് ജീവിക്കണമെങ്കില്‍ വൃക്ക മാറ്റിവയ്ക്കലല്ലാതെ ഇനി വഴിയില്ല. ഡോക്ടര്‍മാര്‍ തീര്‍പ്പുകല്‍പ്പിച്ചപ്പോള്‍ ഷാജുവിന് പകച്ചു നില്‍ക്കുവാനേ കഴിഞ്ഞുള്ളൂ.

കാരണം സാധാരണ ചികിത്സയ്ക്കു പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കൊല്ലം നിലമേല്‍ ആഴാന്തക്കുഴിതോട്ടത്തില്‍ വീട്ടില്‍ ഷാജുവിനും കുടുംബത്തിനും മുന്നില്‍ അത് വലിയൊരു വെല്ലുവിളിയായിരിന്നു. മുന്നോട്ട് എങ്ങനെയെന്ന്! ചിന്തിച്ച് വേദനയില്‍ കഴിഞ്ഞ ഷാജുവിന്റെ കുടുംബത്തിന് മുന്നില്‍ കാരുണ്യത്തിന്റെ ആള്‍രൂപമായി സിസ്റ്റര്‍ മെറിന്‍ പോള്‍ അവതരിക്കുകയായിരിന്നു.

ഹോളി ഫാമിലി സന്യാസസമൂഹാംഗമായ സിസ്റ്റര്‍ മെറിന്‍ പോള്‍ തൃശൂര്‍ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായി സേവനം ചെയ്തു വരികെയാണ് ശക്തമായ തീരുമാനം കൈകൊണ്ടത്. സിസ്റ്ററിനു വൃക്കദാനത്തിനു കരുണയുടെ വര്‍ഷത്തില്‍ മേലധികാരികള്‍ അനുമതി നല്കി. വൃക്കദാതാവായ ഫാ. ഡേവിസ് ചിറമ്മല്‍ നയിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുഖേനയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. വ്യക്തിപരമായ ത്യാഗത്തിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കണമെന്നും സമൂഹത്തിനു നന്മ ചെയ്യണമെന്നതും കുറേക്കാലമായുള്ള ആഗ്രഹമാണെന്ന്‌സിസ്റ്റര്‍ പറയുന്നു.

മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ മെറിന്‍ ലോകത്തിന് നല്‍കുന്നത്. കരുണയുടെ ഇത്തിരിവെട്ടം ലോകത്തിനു പകര്‍ന്നു നല്‍കിയാല്‍ ജീവിതം ധന്യമാകുമെന്നും സിസ്റ്റര്‍ മെറിന്‍ പറയുന്നു. അങ്ങനെ സിസ്റ്റര്‍ മെറിന്‍ പോളിന്റെ വൃക്ക ഷാജുവില്‍ തുടിക്കുകയാണ് ഇപ്പോള്‍. ആകെയുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലം വിറ്റ് ചികിത്സയ്ക്ക് ശ്രമിക്കുന്ന ഷാജുവിന്റെ കാര്യമറിഞ്ഞ സിസ്റ്റര്‍ സന്തോഷത്തോടെയാണ് വൃക്കദാനത്തിന് തയ്യാറായത്.

അങ്ങനെ ഷാജുവിന്റെ ജീവിതത്തില്‍ ഈ മാലാഖ വീണ്ടും വെളിച്ചെമെത്തിച്ചു. ശസ്ത്രക്രിയ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ വിജയകരമായി നടന്നു. ശസ്ത്രക്രിയക്കു ശേഷം ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അമ്മയും ഭാര്യയും രണ്ട് സഹോദരങ്ങളും ഉള്‍പ്പെട്ടതാണ് കുഷ്യന്‍ നിര്‍മ്മാണ ജോലിയിലേര്‍പ്പെട്ടിരുന്ന ഷാജുവിന്റെ കുടുംബം. ഇദ്ദേഹത്തിന്റെ ഒരു വൃക്ക 16 വര്‍ഷം മുമ്പ് ശസ്ത്രക്രിയ ചെയ്ത് നീക്കിയിരുന്നു. രണ്ടാമത്തെ വൃക്കയും തകരാറിലായതോടെയാണ് മാറ്റിവയ്ക്കാന്‍ വൃക്ക തേടി അഞ്ചുവര്‍ഷം മുമ്പ് കിഡ്‌നി ഫെഡറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. ഷാജുവിന്റെ പേരില്‍ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലേക്കെത്തിയ സഹായം കൊണ്ടാണ് ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്.

Top