സിസ്റ്റര്‍ അമലയുടെ കൊലപാതകം: അന്വേഷണം മാനസിക രോഗിയെ കേന്ദ്രീകരിച്ച്; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും

പാലാ കര്‍മ്മലീത്താ ലിസ്യു മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നിര്‍ണായക ദിശയിലേയ്ക്ക്. കേസിലെ പ്രതിയെന്നു സംശയിക്കുന്ന മാനസിക രോഗിയെ പൊലീ്‌സ് തിരിച്ചറിഞ്ഞതായും അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നും വിവരങ്ങള്‍ ലഭിക്കുന്നു. കേസില്‍ കൂടുതല്‍ ആളുകളുടെ സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മനോരോഗിയായ പ്രതികളില്‍ ഒരാളെ സി. അമല കൊല്ലപ്പെട്ട രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പാലാ നഗരത്തില്‍ കണ്ടതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പാലായിലും പരിസരപ്രദേശത്തും താമസിക്കുന്നവരാണ് ഇവരെങ്കിലും സംഭവത്തിന് ശേഷം നഗരത്തിലില്ല എന്നാതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവദിവസം മഠത്തിന്റെ താഴത്തെ നിലയിലെ ഗ്രില്ലിന്റെ പൂട്ട് രണ്ട് തവണ തകര്‍ത്തതായി പോലീസിന് മനസിലായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ്. സതീശ് ബിനോയിയുടെ നേതൃത്വത്തില്‍ വിവിധ സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഒരാഴ്ച മുമ്പ് ഇതേ മഠത്തിലെ 74 വയസുള്ള കന്യാസ്ത്രീക്ക് തലയ്ക്ക് മുറിവേറ്റിരുന്നു. സിസ്റ്റര്‍ അമലയ്ക്ക നേരെ നടന്ന ആക്രമണത്തിന് സമാനമായ രീതിയിലുള്ള അക്രമണമാണ് നടന്നതെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രായമായ കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ വീണ് പരുക്ക് പറ്റിയതെന്നായിരുന്നു മറ്റുള്ളവര്‍ ധരിച്ചിരുന്നത്. എന്നാല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധന നടത്തിയപ്പോഴാണ് സമാനമായ രീതിയിലുള്ള മുറിവുകളാണ് ഉണ്ടായിരിക്കുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്. വീണ് പരുക്കേറ്റെന്ന ധാരണയില്‍ സംഭവത്തില്‍ പരാതിയും നല്‍കിയിരുന്നില്ല.
മഠത്തിലെ മുന്‍ ജോലിക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള മോഷണമോ, പണമോ നഷ്ടപ്പെട്ടതായി ഇനിയും കണ്ടെത്താന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മനോരോഗികളോ മറ്റോ ആണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു. സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാലാ ഡിവൈഎസ്പി സുരേഷ് ബാബു, കോട്ടയം ഡിവൈഎസ്പി വി. അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. മഠത്തിലെ അന്തേവാസികളെയും മുമ്പ് ജോലി ചെയ്തിരുന്നവരുടെയും ജോലിക്കാരുടോയും മൊഴി രേഖപ്പെടുത്തുന്നത് തുടരുകയാണ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പാലായിലും പരിസരപ്രദേശത്തുമുള്ള ഇതര സംസഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്. എല്ലാ രീതിയിലും പഴുതടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത് എന്നതിനാല്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും എല്ലാം സാധ്യതകളും അന്വേഷണ വിധേയമാക്കുകയാണ്.

കര്‍മ്മലീത്താ മഠത്തില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ സംസ്‌കാരം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. സത്യമായ അന്വേഷണം നടത്തി അക്രമിയെ പിടികൂടണമെന്നും നിയമത്തിന് വിധേയമാക്കണമെന്നും സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവ ആവശ്യപ്പെട്ടു. പാലാ കിഴതടിയൂര്‍ പള്ളിയില്‍ സിസ്‌ററര്‍ അമലയുടെ സംസ്‌കാരശുശ്രൂഷയില്‍ സന്ദേശം നല്‍കുന്നതിനിടെയാണ് മാര്‍ ക്ലീമീസ് സഭയുടെ ആവശ്യം ഔദ്യോഗികമായിത്തന്നെ വെളിപ്പെടുത്തിയത്.
പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. വിശ്വാസികളുടെ ഹൃദയത്തിനേറ്റ മുറിവാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍ വായിച്ചു. മാര്‍ റെമിജിയൂസ് ഇഞ്ചനാനി വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമാപനശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കത്തോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍.ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, കത്തീഡ്രല്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, രാമപുരം ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, രൂപതാ ചാന്‍സലര്‍ ഫാ.ജോസ് കാക്കല്ലില്‍, ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.അഗസ്റ്റ്യന്‍ വാലുമ്മേല്‍ തുടങ്ങിയവര്‍ പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
ധനമന്ത്രി കെ.എം.മാണി, ജോസ് കെ മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സീസ് ജോര്‍ജ്, വക്കച്ചന്‍ മറ്റത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പാലാ നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, സജി മഞ്ഞക്കടമ്പില്‍, ആന്റോ ജോസ് പടിഞ്ഞാറെക്കര, ഉഴവൂര്‍ വിജയന്‍, ഫിലിപ്പ് കുഴികുളം, എ.കെ.ചന്ദ്രമോഹന്‍. പി.എം.മാത്യു തുടങ്ങിയവര്‍ പ്രാര്‍ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തു.
രാവിലെ ഒന്‍പതിന് കാര്‍മ്മല്‍ ആശുപത്രി ചാപ്പലില്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷകള്‍ക്ക് മാര്‍ റെമിജിയൂസ് ഇഞ്ചനാനി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, ഫാ.അലക്‌സാണ്ടര്‍ പൈകട സി എം ഐ, രൂപതയില്‍ നിന്നും വിവിധ സന്യസ്ഥ ഭവനങ്ങളില്‍ നിന്നുമെത്തിയ വൈദികര്‍, കര്‍മ്മലീത്താ മഠത്തിലേയും വിവിധ സന്യാസസമൂഹങ്ങളിലെയും സിസ്റ്റര്‍മാര്‍, നൂറു കണക്കിന് അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിലപയാത്രയായി മൃതദേഹം കിഴതടിയൂര്‍ പള്ളിയില്‍ എത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top