കൊച്ചി: മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് യാതൊരു ഉറപ്പും വിഎസ് അച്യുതാനന്ദന് നല്‍കിയട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. അഭിപ്രായം കേട്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിബി അംഗം തന്നെ മുഖ്യമന്ത്രിയാകണമെന്ന് പൊതുതത്വമില്ലെന്നും കൂട്ടിച്ചേര്‍ക്കാന്‍ യെച്ചൂരി മറന്നില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് മത്സരിച്ചതിനുശേഷം ജനം അദ്ദേഹത്തെ തോല്‍പ്പിച്ചാല്‍ എന്തുചെയ്യുമെന്നും യച്ചൂരി ചോദിച്ചു.
പാര്‍ട്ടിയിലെ സ്ഥാനം മാത്രം നോക്കിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമഅഭിപ്രായം പിബിയുടെത് ആയിരിക്കുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ശുപാര്‍ശ വാങ്ങിയ ശേഷമായിരിക്കും തീരുമാനം പിബി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടും. പ്രായം ഒരു ഘടകമാണെങ്കിലും വിഎസിന്റെ കാര്യത്തില്‍ ഇത് കണക്കാക്കുന്നില്ലെന്നും പറഞ്ഞ യെച്ചൂരി വിഎസിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായിരുന്ന കാര്യം സമ്മതിക്കാനും മടികാട്ടിയില്ല.
സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ഇപ്പോള്‍ ഉയരുന്ന പരാതികള്‍ പരിഗണിക്കുകയും, പിബി കമ്മീഷന്‍ തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നും പറഞ്ഞ അദ്ദേഹം ലാവ്‌ലിന്‍ വീണ്ടും ഉയര്‍ത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും ചൂണ്ടിക്കാട്ടി.