അരുവിപ്പുറം: ഗുരുദേവ ദർശനങ്ങളോട് പ്രധാന മന്ത്രിക്കുള്ള ആഭിമുഖ്യമാണ് ശിവഗിരി തീർഥാടന സർക്യൂട്ട് യാഥാർത്ഥ്യമാക്കിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു.സ്വദേശി ദർശനിൽ ഉൾപ്പെട്ട് റദ്ദാക്കപ്പെട്ട ശേഷം പുന:സ്ഥാപിച്ച ഒരേ ഒരു പദ്ധതിയാണ് ശിവഗിരി തീർത്ഥാടന സർക്യൂട്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യമാണ് പദ്ധതി പുനസ്ഥാപിക്കാൻ കാരണം. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാൻ അവസരമൊരുക്കി പൈതൃകം സംരക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങളുമാണ് ശ്രീനാരായണ സർക്യൂട്ട് യാഥാർത്ഥ്യമാക്കിയതെന്ന് വി.മുരളീധരൻ പറഞ്ഞു .
അരുവിപ്പുറം ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടിന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ഇലക്ട്രിക് വാഹനങ്ങൾ അരുവിപ്പുറത്ത് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.ശ്രീനാരായണ ദർശനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ അടുത്തറിയാൻ ആഗ്രഹിക്കുന്ന ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് ഗുരു ജീവിതം തൊട്ടറിയാൻ സർക്യൂട്ട് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി നിലവിൽ അനുവദിച്ച 67 കോടിക്ക് പുറമെ 32 കോടി കൂടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശിവഗിരി ധർമ്മസംഘം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ അദ്ധ്യക്ഷത വഹിച്ചു.