മധുര: ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലക്ക് സമീപമുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു. 15ലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവകാശി വിരുദ് നഗര്‍ റോഡിലുള്ള രാഘവേന്ദ്ര ഏജന്‍സിയിലെ തൊഴിലാളികള്‍ ഇന്ന് ഉച്ചക്ക് ഒന്നരയോടെ മിനി വാനില്‍ നിന്നും പടക്കങ്ങള്‍ ഇറക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഒരുകെട്ട് പടക്കം നിലത്തുവീണതിനെ തുടര്‍ന്ന് സ്‌ഫോടനവും തീപിടുത്തവും ഉണ്ടാകുകയായിരുന്നു. തൊട്ടടുത്ത സ്‌കാനിംഗ് സെന്ററിലെ രോഗികളും ജീവനക്കാരും സ്‌ഫോടനത്തെ തുടര്‍ന്ന് ഒന്നാം നിലയിലെ മുറിയില്‍ കയറി മുറി അകത്ത് നിന്ന് അടച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് മുറിക്കുള്ളിലേക്ക് പുക കയറിയാണ് ഇവരില്‍ ഒമ്പതുപേര്‍ ശ്വാസംമുട്ടി കൊല്ലപ്പെട്ടത്. സ്‌കാനിംഗ് സെന്ററിലേക്കുള്ള പ്രവേശന കവാടം പടക്കശാലയുടെ അടുത്തായതുകൊണ്ടാണ് ആളുകള്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതെ വന്നതെന്നും കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള ജനലുകള്‍ വഴിയാണ് 41 പേരെ രക്ഷപ്പെടുത്തിയതെന്നും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലുപേര്‍ സ്‌കാനിംഗ് സെന്ററിലെ ജീവനക്കാരാണ്. പോലീസ് കേസെടുക്കുകയും പടക്ക കമ്പനിയിലെ ജീവനക്കാരെ ചോദ്യം ചെയ്തുവരികയുമാണ്.
തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിത്തമുണ്ടായി പടക്കങ്ങള്‍ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം പരിശോധിക്കുന്നുണ്ട്. ശിവകാശിയില്‍ പടക്കശാലകളില്‍ തീപിടിത്തങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.ദീപാവലി സീസണ്‍ തുടങ്ങുമ്പോള്‍ അനധികൃതമായും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും പടക്കങ്ങള്‍ സൂക്ഷിക്കുന്നതാണ് പലപ്പോഴും ദുരന്തത്തിന് വഴിയൊരുക്കുന്നത്. ഈ മാസം ആദ്യം ഇതേ സ്ഥലത്ത് പടക്കശാലയ്ക്ക് തീപിടിച്ചിരുന്നു.2012ല്‍ ശിവകാശിയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ മരിച്ചിരുന്നു.