മലപ്പുറം: വിവാദ സ്ഥാപനമായ തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരെ വീണ്ടും പരാതി. മലപ്പുറം ഐക്കരപ്പടി കണ്ണംവെട്ടിക്കാവ് കുന്നത്തുകളത്തില്‍ നാരായണന്റെ മകള്‍ നിപ്ത(21)യാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കിയത്.
പേങ്ങാട് സ്വദേശിയായ ഫായിസുമായി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്കാലത്തുതന്നെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ബന്ധുക്കളും ചില ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഈ ബന്ധത്തില്‍നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്.
എന്നാല്‍ കോഴിക്കോട്ട് ബിരുദത്തിനു പഠിക്കുമ്പോഴും പ്രണയം തുടര്‍ന്നു. അവസാനവര്‍ഷ പരീക്ഷയ്ക്കുശേഷം ഏപ്രില്‍ 15-ന് അച്ഛന്‍ ആത്മഹത്യക്കുശ്രമിച്ച് ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് ബന്ധുക്കള്‍ കാറില്‍ കയറ്റി തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവിടെയെത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് എഴുതിയ സമ്മതപത്രത്തില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ചു. അവിടെ പലരെയും മര്‍ദിക്കുകയും വായില്‍ തുണിതിരുകുകയും ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് നിപ്ത പരാതിയില്‍ പറയുന്നു. യോഗാകേന്ദ്രവുമായി ബന്ധപ്പെട്ട് കേസും പ്രശ്നങ്ങളുമൊക്കെയായതോടെ താനുള്‍പ്പെടെ എല്ലാവരെയും വീടുകളിലേക്ക് പറഞ്ഞയച്ചു.
കേസ് തീര്‍ന്നാല്‍ അവര്‍ വേറെ കേന്ദ്രം തുടങ്ങുമെന്നും അങ്ങോട്ട് കൊണ്ടുപോകുമെന്നും അമ്മയുടെ സംസാരത്തില്‍നിന്ന് മനസ്സിലായി. അപ്പോള്‍ താന്‍ ഒളിപ്പിച്ചുവെച്ച ഫോണ്‍ വഴി ഫായിസിനെ വിളിക്കുകയും വീട്ടില്‍നിന്ന് രക്ഷപ്പെടുകയുമാണുണ്ടായതെന്ന് നിപ്ത പരാതിയില്‍ പറയുന്നു.
തങ്ങള്‍ക്ക് വിവാഹംകഴിച്ച് ഒരുമിച്ചുജീവിക്കാനാണ് ഇഷ്ടമെന്നും എന്നാല്‍ അതിന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടെന്നും നിപ്ത പറയുന്നു. അതിനാല്‍ തങ്ങള്‍ക്ക് ഒരുമിച്ചുജീവിക്കാന്‍ ആവശ്യമായ സംരക്ഷണമാവശ്യപ്പെട്ടാണ് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.
അഭിഭാഷകനായ കെ.സി. നസീറുമൊത്താണ് ഇരുവരും എത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും സംരക്ഷണം ആവശ്യമുള്ളപ്പോള്‍ നല്‍കാമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. പരാതി അന്വേഷണത്തിനായി കൊണ്ടോട്ടി സി.ഐയ്ക്ക് കൈമാറിയിട്ടുണ്ട്.