പ്രധാനമന്ത്രിയെ ബിജെപിയ്ക്ക് ഏകപക്ഷിയമായി തീരുമാനിക്കാന്‍ കഴിയ്യില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൂക്കു മന്ത്രി സഭ നിലവില്‍ വന്നാല്‍ പ്രധാനമന്ത്രിയെ ബി.ജെ.പിക്ക് ഏകപക്ഷീയമായി തീരുമാനിക്കാന്‍ കഴിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനെക്കാള്‍ ബി.ജെ.പിക്ക് നൂറു സീറ്റുകള്‍ കുറവാണ് ലഭിക്കുന്നതെങ്കില്‍ എന്‍.ഡി.എയിലെ മറ്റു സഖ്യകക്ഷികള്‍ക്ക് പ്രധാനമന്ത്രിയെ തീരുമാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തൂക്കു മന്ത്രിസഭ നിലവില്‍ വന്നു കഴിഞ്ഞാല്‍ ഗഡ്കരിക്കായിരിക്കും പാര്‍ട്ടിയില്‍ മുന്‍തൂക്കം എന്ന തരത്തിലുള്ള തന്റെ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗഡ്കരിയെ പിന്തുണക്കുന്നില്ല. ഞങ്ങള്‍ ഇത്തരം ഒരു നിര്‍ദേശം ബി.ജെ.പിക്ക് മുന്നില്‍ വെച്ചിട്ടില്ല. അതു മാത്രമല്ല, എന്തു കൊണ്ട് ഗഡ്കരിയിലൊതുക്കണം? ബി.ജെ.പിക്ക് പ്രബലരായ വേറെയും നിരവധി നേതാക്കളുണ്ടല്ലോ. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനെക്കാള്‍ 100 സീറ്റുകള്‍ കുറവ് ഈ വര്‍ഷം ലഭിച്ചാല്‍ എന്‍.ഡി.എയിലെ ബി.ജെ.പി ഇതര കക്ഷികളായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുക’- റൗട്ട് പറഞ്ഞു.

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 10 മുതല്‍ 15 സീറ്റുകളില്‍ വരെ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും റൗട്ട് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും കഴിഞ്ഞ ദിവസം സഖ്യധാരണയിലെത്തിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ബി.ജെ.പിയെ തുറന്നെതിര്‍ക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്ന ശിവസേന ഒടുവില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തില്‍ വീഴുകയായിരുന്നു.

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന പലപ്പോഴായി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശം ഉന്നയിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുമെന്ന ബി.ജെ.പിയുടെ പ്രസ്താവനക്കെതിരേ ബി.ജെ.പി അഹങ്കാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ശിവസേന പറഞ്ഞിരുന്നു. കൂടാതെ നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിനെതിരേയും ശിവസേന രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലും മത്സരിച്ചിരുന്നു.

Top