ഗോദ്രയുടെ പേരില്‍ മോദിയെ കുത്തി നോവിച്ച് ശിവസേന: ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമെന്നു മോദി

മുംബൈ: ദാദ്രി കൊലപാതകത്തെയും ഗുലാം അലി സംഭവത്തെയും അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. ഗോധ്രയിലും അഹമ്മദാബാദിലും നടന്ന സംഭവങ്ങളുടെ പേരിലാണ് നരേന്ദ്രമോദിയെ ലോകം തിരിച്ചറിഞ്ഞത്. ഈ സംഭവങ്ങളുടെ പേരിലാണ് ഞങ്ങള്‍ മോദിയെ ബഹുമാനിക്കുന്നതെന്നും ശിവസേന നേതാവായ സഞ്ജയ് റൗട്ട് പറഞ്ഞു.
മോദി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണത്. രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ഞങ്ങളറിയുന്ന പ്രിയങ്കരനായ ഞങ്ങളുടെ മോദിയുടെ പ്രസ്താവനയല്ലിതെന്നും റൗട്ട് പറഞ്ഞു. ബംഗാളി ദിനപത്രമായ ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദാദ്രി, ഗുലാം അലി സംഭവങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നത്.
മഹാരാഷ്ട്രയില്‍ ബി.ജെ.പിശിവസേന സഖ്യം പിരിയുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് മോദിയുടെ ഭൂതകാലത്തെ പരാമര്‍ശിച്ച്് ശിവസേന നേതാവായ സഞ്ജയ് റൗട്ട് രംഗത്ത് എത്തിയിരിക്കുന്നത്. സഖ്യ കക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്ക് വെല്ലുവിളി തീര്‍ക്കുന്ന പ്രസ്താവനയാണ് ശിവസേന നേതാവിന്റേത്.
അതേ സമയം ഒക്ടോബര്‍ 15ന് ചേരുന്ന നേതൃയോഗത്തില്‍ ശിവസേനയുമായി സഖ്യം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ബി.ജെ.പി ചര്‍ച്ച ചെയ്‌തേക്കും. മഹാരാഷ്ട്രയില്‍ ഫട്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ശിവസേനയുമായി ബി.ജെ.പി വീണ്ടും അകലുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സേനയും പിണങ്ങിയിരുന്നു.

Top