ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന് പുറത്തുകൂടി, ശരീരഭാഗങ്ങൾ തമ്മിൽ സ്പർശിക്കാതെ സ്പർശിച്ചാൽ ലൈംഗിക പീഡനം അല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ലൈംഗിക ഉദ്ദേശ്യത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി അറിയിച്ചു. വിവാദ ഉത്തരവിന്റെ ആനുകൂലം ലഭിച്ച പ്രതിയുടെ ജാമ്യവും ഇതേത്തുടർന്ന് റദ്ദാക്കി.
ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ സിംഗിൾ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയായിരുന്നു വിവാദ ഉത്തരവിട്ടത്. ശരീരത്ത് നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തൂടെ കുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചത് ലൈംഗിക പീഡനമായി കണക്കാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പോക്‌സോ നിയമത്തെ പരാജയപ്പെടുത്തുന്ന ഇത്തരം വ്യാഖ്യാനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഐ.പി.സി, പോക്‌സോ വകുപ്പുകൾ പ്രകാരം പ്രതിക്ക് വിചാരണ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതേത്തുടർന്ന് പ്രതി നൽകിയ ഹർജിയിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ ശിക്ഷ റദ്ദാക്കിയുള്ള ജാമ്യം അനുവദിച്ചുള്ള ഉത്തരവ്. എന്നാൽ വിചാരണ കോടതി വിധി സുപ്രീം കോടതി ശരി വച്ചതോടെ പ്രതി വിചാരണ കോടതി വിധിച്ച തടവ് ശിക്ഷയും പിഴയും ഒടുക്കണം.