വഴിയാത്രക്കാരിയെപ്പോലെ കേന്ദ്ര മന്ത്രി ആറ്റിങ്ങല്‍ ആലംകോട് ജംങ്ഷനിലുള്ള ഹോട്ടലില്‍ ഭക്ഷണത്തിനെത്തി. സംഭവം നാട്ടുകാര്‍ക്കും ഹോട്ടലുകാര്‍ക്കും ഞെട്ടലായി. ശിവഗിരിയിലെ സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് സ്മൃതി ഇറാനി ആലംകോട്ടെ സെന്റര്‍ഹോട്ടലില്‍ എത്തിയത്.
ശിവഗിരി സമ്മേളനം കഴിഞ്ഞയുടന്‍ കാറില്‍ കയറാന്‍ നേരമാണ് കൂടെയുണ്ടായിരുന്ന വി. മുരളീധരന്‍ എം.പിയോട് ഒരു ചായ കുടിച്ചാലോ എന്ന് ചോദിച്ചത്. മുരളിധരന്‍ അപ്പോള്‍ തന്നെ സ്ഥലത്തെനേതാവു കൂടിയായ ബി.ജെ.പി ദക്ഷിണ മേഖല ഉപാദ്ധ്യക്ഷന്‍ തോട്ടയ്ക്കാട് ശശിയോട് കാര്യം പറഞ്ഞു. ചായ എത്തിക്കാമെന്നു പറഞ്ഞെങ്കിലും പോകും വഴി ഏതെങ്കിലും കടയില്‍ നിന്നു കഴിക്കാമെന്ന നിര്‍ദ്ദേശം മന്ത്രി തന്നെ വക്കുകയായിരുന്നു. അങ്ങനെയാണ് കേന്ദ്രമന്ത്രി മറ്റുള്ളവരോടൊപ്പം ആലംകോട്ടുള്ള പ്രശസ്തമായ സെന്റര്‍ ഹോട്ടലില്‍ എത്തിയത്.
തങ്ങള്‍ ടി.വിയില്‍ മാത്രം കണ്ടിട്ടുള്ള വനിതാ നേതാവ് ഹോട്ടലിലെത്തിയത് കണ്ട് അവിടെയുള്ളവരും അമ്പരന്നു. എന്നാല്‍ നാട്ടുകാരെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു കാര്യം എല്ലാ വിധ ആഹാരസാധനങ്ങളും ലഭ്യമാകുന്ന ഹോട്ടലില്‍ മന്ത്രി ചോറും സാമ്പാറും ആവശ്യപ്പെട്ടതാണ്. സാധാരണക്കാര്‍ക്കൊപ്പം ആഹാരം കഴിച്ച് പോകാന്‍ നേരം കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടേയും ബില്ല് മന്ത്രി തന്നെ നല്‍കാന്‍ ശ്രമിച്ചു.
എന്നാല്‍ ഹോട്ടല്‍ ഉടമ കാശ് വാങ്ങില്ലന്ന് നിര്‍ബ്ബന്ധം പിടിച്ചു. അത് പറ്റില്ലന്നായി മന്ത്രി. ബില്ല് അടയ്ക്കാന്‍ അനുവദിക്കണമെന്ന് തോട്ടക്കാട് ശശിയും പത്മകുമാറും നിര്‍ബ്ബന്ധ ബുദ്ധിയാല്‍ നിന്നു ഒടുവില്‍ മറ്റ് ബില്ലുകള്‍ നല്‍കാന്‍ തോട്ടക്കാട്ശശിക്ക് അനുവാദം നല്‍കിയിട്ട് തന്റേയും കൂടെയുണ്ടായിരുന്ന പേഴ്‌സണല്‍ സ്റ്റാഫിന്റെ ബില്ല് സ്മൃതി ഇറാനി തന്നെ നല്‍കുകയായിരുന്നു. സെന്റെര്‍ ഹോട്ടല്‍ മുതലാളിയായ ഹുസൈനും മകന്‍ റഹിം ഇതെല്ലാം കണ്ട് ആകെ അല്‍ഭുതം. ബി.ജെ പി യുടെ തീപ്പൊരിനേതാവ് തങ്ങളോട് സാധാരണക്കാരിയായ ഒരു കസ്റ്റമറെപ്പോലെ പെരുമാറിയതിലാണ് ഏറെ കൗതുകം . അച്ഛനും മകനുമായ് സംസാരിച്ച ശേഷമാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. വെജിറ്റേറിയനായതിനാല്‍ തങ്ങളുടെ സ്‌പെഷ്യല്‍ വിഭവങ്ങള്‍കേന്ദ്ര മന്ത്രിക്കു നല്‍കാന്‍ കഴിയാത്ത വിഷമം മാത്രമാണ് ഇവര്‍ക്കുള്ളത്.