നിയമസഭാ തിരഞ്ഞെടുപ്പ്: ശക്തി പരിശോധിക്കാൻ സംസ്ഥാനത്തെമ്പാടും എസ്എൻഡിപി സർവേ; സർവേ നടത്തുന്നത് ശാഖകൾ കേന്ദ്രീകരിച്ച്

സ്വന്തം ലേഖകൻ

കൊല്ലം: രാഷ്ട്രീയ ശക്തിയായ മാറുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംസ്ഥാനത്തു ബിജെഡിഎസിനു ഒറ്റയ്ക്കു നേടാൻ സാധിക്കുന്ന വോട്ടെണ്ണി എസ്എൻഡിപി യോഗം രംഗത്ത്. വോട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ശാഖകളോടും സർവേ നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എസ്എൻഡിപി യോഗം നിർദേശിച്ചിരിക്കുയാണ.്
ഓരോ പ്രദേശത്തും ഉറച്ച എസ്എൻഡിപി യോഗം പ്രവർത്തകർ എത്ര. ഇവരിൽ എത്രപേർ ബിജെഡിഎസിന്റെ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. എത്ര സ്ത്രീകൾ മൈക്രോ ഫിനാൻസിന്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇവരിൽ എത്രപേർ ബിജെഡിഎസിനെ പിൻതുണയ്ക്കും തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരസ്യമായി ചോദിച്ചറിയുന്നത്. ഓരോ ശാഖകളിൽ നിന്നും ബിജെഡിഎസിനായി അഞ്ചു സജീവ പ്രവർത്തകരെ കണ്ടെത്തണമെന്നും ശാഖകൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇവരെ ഉപയോഗിച്ചു വേണം വീടുകളിൽ സർവേ നടത്താൻ.
ഓരോ വീടുകളിലും എത്തി സർവേ നടത്തിയ ശേഷം പരസ്യമായി ഈ ചോദ്യങ്ങൾ അവരോടു ചോദിക്കണമെന്നും റിപ്പോർട്ടുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ സർക്കാരിനും, സിപിഎമ്മി്‌ന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനും എത്രമാർക്ക് നൽകുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണോ, അഴിമതിയാണോ വോട്ടെടുപ്പിൽ സ്വാധീനിക്കുന്നത്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഒരു വർഷത്തെ ഭരണത്തിനു എത്രമാർക്ക് നൽകുന്നു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും വീടുകളിൽ എത്തി ശാഖാ അംഗങ്ങളോടു ചോദിക്കുന്നത്. ഇതിനായി പ്രത്യേക ഫോമുകളും അടിച്ചു നൽകണമെന്നും എസ്എൻഡിപി യോഗം ഓരോ ശാഖയോടും നിർദേശിക്കുന്നു.
ഇതിൽ ഓരോ ശാഖയിലും സിപിഎമ്മിന്റെ എത്ര സജീവ അംഗങ്ങളുണ്ട്, എത്രപേർ സിപിഎമ്മിന്റെ അനുഭാവികളാണ്, എത്ര പേർ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, മഹിളാ സംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്നു തുടങ്ങിയ കൃത്യമായ കണക്കുകളും ശേഖരിക്കുന്നുണ്ട്. കോൺഗ്രസിന്റെ സജീവ പ്രവർത്തകരും ഭാരവാഹികളുമായ എത്ര അംഗങ്ങൾ ശാഖയിലുണ്ടെന്ന കാര്യമാണ് മറ്റൊരു പ്രധാന പഠന വിഷയം. ഇതോടൊപ്പം ഓരോ ശാഖയിലെയും കോൺഗ്രസ് അനുഭാവികളുടെ പട്ടികയും പരിശോധിക്കുന്നുണ്ട്.
ഈ മാസം 28 നകം റിപ്പോർട്ട് തയ്യാറാക്കി അതത് ശാഖകളിലെ യൂണിയനുകളിൽ എത്തിക്കണമെന്ന നിർദേശമാണ് ഇപ്പോൾ എസ്എൻഡിപി നേതൃത്വം നൽകിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top