കണിച്ചുകുളങ്ങര: ബിജെപിയെ തുറന്നെതിര്‍ത്ത് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുറച്ച് ദിവസത്തിന് മുമ്പ് രംഗത്തെത്തിയിരുന്നു. തങ്ങളെ വഞ്ചിച്ചെന്നും അതിനാല്‍ ഇനി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇനി എങ്ങോട്ട് എന്ന രാഷ്ട്രീയക്കാരുടെ സംശയങ്ങള്‍ക്ക് ഇന്നലെ ചെറിയ ഒരു ഉത്തരം കിട്ടിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശന്‍ സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടിയുടെ ഉദ്ഘാടകനായതാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഉത്തരം ലഭിക്കാനുള്ള കാരണം. പരിപാടിക്ക് സംഭാവനയായി അരലക്ഷം രൂപയും നല്‍കി. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.കെ.കുമാരന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആരോഗ്യസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് വെള്ളാപ്പള്ളി നിര്‍വഹിച്ചത്. അങ്ങനെ വെള്ളാപ്പള്ളി സിപിഎമ്മിന് പ്രിയപ്പെട്ടവനായി എന്ന് കരുതാം. മൈക്രോ ഫിനാന്‍സ് അഴിമതിയില്‍ വെള്ളാപ്പള്ളിയെ അകത്തിടുമെന്ന സിപിഎം പ്രഖ്യാപനം ഇനി നടക്കില്ലെന്നും വിലയിരുത്താം.
ഉദ്ഘാടന പ്രസംഗത്തില്‍ വെള്ളാപ്പള്ളി രാഷ്ട്രീയം പറഞ്ഞില്ല. സിപിഎമ്മിന്റെ സാന്ത്വന പരിചരണ പരിപാടികളെ പ്രശംസിച്ചു. കിടപ്പുരോഗികളുടെ പരിചരണത്തിലും സംരക്ഷണത്തിലും സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റായുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് സിപിഎം. സംഘടന ആരോഗ്യസേവനകേന്ദ്രം തുറന്നത്. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലുള്ള വീടിനു മുന്നിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ സിപിഎമ്മുകാരായിരുന്നു വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായി പ്രതികരിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നാണ് സൂചന.
ചടങ്ങില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം പി.ജെ.കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. സിപിഎം. ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം വി.ജി.മോഹനന്‍, ഏരിയ കമ്മിറ്റി അംഗം എം.സന്തോഷ്‌കുമാര്‍, വളവനാട് ലക്ഷ്മി നാരായണ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പ്രകാശ് സ്വാമി, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി ധനേശന്‍ പൊഴിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വെള്ളാപ്പള്ളി നല്‍കിയ തുക ന്യായവിലയ്ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങാന്‍ ഉപയോഗിക്കുമെന്ന് ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ അറിയിച്ചു. വെള്ളാപ്പള്ളിയില്‍ നിന്ന് സംഭാവനയും വാങ്ങിയതോടെ പാര്‍ട്ടി ഇനി എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയെ ഉപദ്രവിക്കില്ലെന്നും വ്യക്തമാവുകായണ്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരെ വോട്ട് പിടിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി. അതിരൂക്ഷമായ വിമര്‍ശനമാണ് സിപിഎമ്മിനെതിരെ നടത്തിയത്. ബിജെപി പാളയത്തിലെത്തിയ വെള്ളാപ്പള്ളിയെ സിപിഎമ്മും പരിഹസിച്ചു. ഇതിനെടയാണ് മൈക്രോ ഫിനാന്‍സ് വിഷയം ചൂടു പിടിച്ചത്. അധികാരത്തിലെത്തിയാല്‍ വെള്ളാപ്പള്ളിയെ അകത്താക്കുമെന്നും പറഞ്ഞു. എന്നാല്‍ ഒന്നും നടന്നില്ലെന്ന് മാത്രമല്ല. സിപിഎം, വെള്ളാപ്പള്ളിക്ക് പിറകെയാണെന്നതാണ് പുതിയ സംഭവം തെളിയിക്കുന്നത്. സാന്ത്വന പരിചരണത്തില്‍ രാഷ്ട്രീയമില്ലെന്നും അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ വിളിച്ചതെന്നും സിപിഎം പറയുന്നു. എന്നാല്‍ വെള്ളാപ്പള്ളിയെ ഇടതുപക്ഷത്ത് നിര്‍ത്താന്‍ തന്നെയാണ് സിപിഎം ശ്രമമെന്നാണ് സൂചന.
ബിജെപിയുമായി തെറ്റിയ വെള്ളാപ്പള്ളി യുഡിഎഫിന്റെ ക്യാമ്പിലെത്തുമെന്ന് സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചരടു വലിക്ക് പിന്നില്‍. അതിനിടെയാണ് സിപിഎമ്മും വെള്ളാപ്പള്ളിയുമായി സൗഹൃദത്തിലാകാന്‍ ശ്രമിക്കുന്നത്.