
കെ.എസ്.യു സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. എംയും ഐയും മത്സരിച്ച് കയറുന്നതിനിടയില്‍ വരുകാല രാഷ്ട്രീയത്തിന് മുതല്‍ക്കൂട്ടാവുന്ന പലരും കൃത്യമായ സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. അതില്‍ എടുത്ത് പറയേണ്ട പേരാണ് സ്‌നേഹയുടേത്. നേതാവ്, നടി ,സാമൂഹ്യ പ്രവര്‍ത്തക അങ്ങനെ അനവധി റോളുകള്‍ഒന്നിച്ച് കൈകാര്യം ചെയ്യുന്ന സ്‌നേഹ യുവതലമുറക്ക് ഒരു പ്രചോദനമാണ്. ഇതിനുള്ള അംഗീകാരമാണ് കെ.എസ്.യുവിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം.
എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിനിയാണ് സ്‌നേഹ. എസ് എഫ് ഐയുടെ കോട്ടയാണ് മഹാരാജാസ്. മെക്‌സിക്കന്‍ അപാരത നിറയുന്ന കോളേജ്. ഇവിടെ കെ എസ് യുവിന്റെ നീലക്കൊടി പിടിക്കാന്‍ സ്‌നേഹ ആരേയും ഭയക്കുന്നില്ല. പെട്ടിക്കട നടത്തി ജീവിക്കാനും പഠിക്കാനുമുള്ള വഴി കണ്ടെത്തുന്ന സ്‌നേഹ ആര്‍. നായര്‍ അങ്ങനെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പാര്‍ട്ടികാര്‍ക്കും വേണ്ടപ്പെട്ടവളാണ്. സംഘടനാ തെരഞ്ഞെടുപ്പിലൂടെയാണ് സ്‌നേഹ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃ നിരയിലെത്തുന്നത്. കെ.എസ്.യു.വിന്റെ അഞ്ച് വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് സ്‌നേഹ. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രനടയിലാണ് സ്‌നേഹ പെട്ടിക്കട നടത്തുന്നത്.
കോളേജിലും ഹരിപ്പാട്ടും കെ.എസ്.യു.വിന്റെ സമരമുഖങ്ങളിലെ പ്രധാനിയാണ് സ്‌നേഹ. സ്‌നേഹയുടെ ജീവിതത്തെപ്പറ്റി ലോക വനിതാദിനത്തില്‍ പല മാധ്യമങ്ങളും വാര്‍ത്ത നല്‍കി. അച്ഛന്റെ മരണശേഷം അമ്മയുമായി വാടകവീട്ടില്‍ താമസിക്കുന്ന സ്‌നേഹ പെട്ടിക്കടയില്‍നിന്നുള്ള വരുമാനംകൊണ്ടാണ് ജീവിക്കുന്നത്. നാരങ്ങാവെള്ളവും മിഠായിയും വില്‍ക്കുന്ന ചെറിയ കടയാണ് സ്‌നേഹയുടേത്. സ്‌നേഹ രാവിലെ കോളേജില്‍ പോയിക്കഴിഞ്ഞാല്‍ അമ്മയ്ക്കാണ് കടയുടെ ചുമതല. വൈകുന്നേരം ആറുമണിയോടെ മടങ്ങിവന്നുകഴിഞ്ഞാല്‍ രാത്രി എട്ടുവരെ സ്‌നേഹ കടനോക്കും.
ഹരിപ്പാട് അമ്പലത്തിലെ വിശേഷദിവസങ്ങളില്‍ മുഴവന്‍ സമയവും കടയിലൂണ്ടാകും. അന്നാണ് വല്ലതും കച്ചവടം നടക്കുന്നത്. കോളേജിലെയും പെട്ടിക്കടയിലെയും തിരക്കുകള്‍ക്കിടയില്‍ സ്‌നേഹ കലാരംഗത്തും സജീവമാണ്. രാവിലെ 5.50 ന് എറണാകുളത്തിനുള്ള തീവണ്ടിയിലാണ് കോളേജില്‍ പോകുന്നത്. വൈകീട്ട് അഞ്ചുമണിയോടെ മടക്കം. നേരെ കടയിലേക്ക്. അവിടെ ചായയുമായി അമ്മ കാത്തിരിക്കും. സ്‌നേഹ വന്നുകഴിഞ്ഞാല്‍ സാധനങ്ങള്‍ വാങ്ങാനുംമറ്റുമായി അമ്മ പോകും. രാത്രി എട്ടുവരെ പിന്നെ കട നോക്കും. പിന്നെ, അമ്മയ്‌ക്കൊപ്പം കുമാരപുരത്തെ വാടകവീട്ടിലേക്ക്.
പള്ളിപ്പാട് കൊടുന്താറ്റ് കോളനിയില്‍ നാല് സെന്റിലായിരുന്നു സ്‌നേഹയും കുടുംബവും താസമിച്ചിരുന്നത്. അച്ഛന്‍ രാജേന്ദ്രന്‍പിള്ള എട്ടുവര്‍ഷം മുമ്പ് മരിച്ചു. സ്‌നേഹ അന്ന് സ്‌കൂളില്‍ പഠിക്കുകയായിരുന്നു. പട്ടിണിയായിപ്പോയ നാളുകള്‍. എങ്ങനെയും പഠിക്കണമെന്ന് തീര്‍ച്ചപ്പെടുത്തിയ അവള്‍ അമ്മയ്‌ക്കൊപ്പം ഹരിപ്പാട് കോടതിക്ക് സമീപം തട്ടുകട തുടങ്ങി. അവിടെനിന്ന് പഠിച്ച് പ്ലസ്ടു വിജയിച്ചു. പിന്നീട് മഹാരാജാസില്‍ ബി.എ. പൊളിറ്റിക്‌സിന് ചേര്‍ന്നു. നല്ല മാര്‍ക്കോടെ വിജയം. ഇപ്പോള്‍ എം.എ. പൊളിറ്റിക്‌സ് ഒന്നാംവര്‍ഷമാണ്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്‌സണായി അങ്കം കുറിച്ചുനോക്കിയെങ്കിലും ജയിച്ചില്ല.
മമ്മൂട്ടി നായകനായ ബാല്യകാല സഖിയില്‍ കൊച്ചുത്രേസ്യയായി വേഷമിട്ടത് സ്‌നേഹയാണ്. ദിലീപ് നായകനായ വില്ലാളിവീരന്‍, ശേഷം, കഥാഭാഗം എന്നീ ചിത്രങ്ങളിലും അഭിനിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച കൂടുമാറ്റം ഡോക്യുമെന്ററിയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. പ്രമുഖ ചാനലിലെ കോമഡി പരിപാടിയില്‍ ഒരുവര്‍ഷത്തോളം അഭിനയിച്ചിട്ടുമുണ്ട് സ്‌നേഹ.