989 വാഹനാപകടങ്ങളെയും 793 തകര്‍ന്ന വാഹനങ്ങളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വെള്ളിയാഴ്ച രാത്രി മാത്രം തങ്ങള്‍ക്കു ലഭിച്ചതെന്ന് വിര്‍ജീനിയ പൊലീസ് പറഞ്ഞു. തെലുഗന്മാര്‍ കൂടുതലുള്ള വിര്‍ജീനിയയില്‍ ആരാധനാകേന്ദ്രങ്ങളുള്‍പ്പെടെ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
85 ദശലക്ഷത്തിലേറെ പേരെയാണ് അതിശക്തമായ മഞ്ഞുകാറ്റ് ബാധിച്ചത്. ജോര്‍ജിയ, നോര്‍ത് കരോലൈന, ടെന്നസി, മേരിലന്‍ഡ്, വിര്‍ജീനിയ, പെന്‍സല്‍വേനിയ, ന്യൂജഴ്സി, ന്യൂയോര്‍ക്, കെന്‍റക്കി എന്നീ സംസ്ഥാനങ്ങളിലാണ് ദുരിതം എറ്റവും രൂക്ഷം. പ്രദേശം മുഴുവന്‍ 100 സെ.മി ഉയരത്തില്‍ മഞ്ഞ് ഉറഞ്ഞുകിടക്കുകയാണ്. റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. രാജ്യവ്യാപകമായി 9000 വിമാന സര്‍വിസുകള്‍ റദ്ദാക്കി. ഷികാഗോയിലെ ഒഹാരെ വിമാനത്താവളത്തില്‍ യുനൈറ്റഡ് എയര്‍ലൈന്‍സിെന്‍റ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി.
തലസ്ഥാനമായ വാഷിങ്ടണിലും ജോനാസ് രൂക്ഷമായി ബാധിച്ചു. 90 വര്‍ഷത്തിനിടക്കുള്ള ഏറ്റവും വലിയ മഞ്ഞുകാറ്റാണ് വാഷിങ്ടണ്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് വാഷിങ്ടണ്‍ മേയര്‍ മിറിയല്‍ ബൗസര്‍ പറഞ്ഞു. വാഷിങ്ടണിലും ബാള്‍ട്ടിമോറിലും കാറ്റിെന്‍റ ശക്തി കൂടാന്‍ സാധ്യതയുണ്ട്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിെന്‍റ റിപ്പോര്‍ട്ടനുസരിച്ച് രണ്ടു മുതല്‍ മൂന്നടി വരെ മഞ്ഞാണ് ഇവിടെ മൂടിയിരിക്കുന്നത്. മണിക്കൂറില്‍ 48 മുതല്‍ 80 വരെ കിലോമീറ്ററാണ് ഹിമക്കാറ്റ് അടിച്ചുവീശുന്നതെന്നും കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച രാവിലെ ഫിലഡല്‍ഫിയ ഉള്‍പ്പെടെയുള്ള പെന്‍സല്‍വേനിയയില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഗള്‍ഫ് തീരത്താണ് കാറ്റ് രൂപപ്പെട്ടത്. അര്‍കന്‍സാസ്, കെന്‍റക്കി, ടെന്നസി എന്നിവിടങ്ങളില്‍ മുഴുവന്‍ മഞ്ഞ് വിതറിക്കൊണ്ടാണ് ഹിമക്കാറ്റ് മുന്നേറിയത്. കിഴക്കന്‍ തീരത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍നിന്നുള്ള ഈറന്‍ കാറ്റും ഹിമക്കാറ്റും കൂടിക്കലര്‍ന്ന് അതിശൈത്യം രൂപപ്പെട്ടിരിക്കുകയാണ്. തെക്കന്‍ ന്യൂ ഇംഗ്ലണ്ടിെന്‍റ തീരത്തുനിന്ന് അകലെയുള്ള പ്രദേശങ്ങളിലേക്ക് ജോനാസ് നീങ്ങുമെന്നാണ് കരുതുന്നത്. കാറ്റിെന്‍റ ശക്തി ശമിക്കുന്നതിനുമുമ്പ് ഫിലഡല്‍ഫിയ, ന്യൂയോര്‍ക് എന്നിവിടങ്ങളില്‍ 35 സെന്‍റി മീറ്ററോളം ഉയരത്തില്‍ മഞ്ഞു വീഴാന്‍ സാധ്യതയുണ്ട്. ന്യൂയോര്‍ക്കിലെയും ന്യൂജഴ്സിയിലെയും താഴ്ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞുവീഴ്ചയില്‍ 100 കോടി യു.എസ് ഡോളറിെന്‍റ നഷ്ടമാണ് കണക്കാക്കുന്നത്. ദുരന്തനിവാരണത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.