
പൊളിറ്റിക്കൽ ഡെസ്ക്
മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും അനുയായികളും കാലുവാരുമെന്നു സൂചന. ബിജെപി കേരള നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് ശോഭാ സുരേന്ദ്രൻ വിരുദ്ധ പക്ഷക്കാരനായ കെ.ജനചന്ദ്രനെ കേന്ദ്ര നേതൃത്വം സ്ഥാനാർഥിയായി കളത്തിൽ ഇറക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നോമിനിയായി തിരഞ്ഞെടുപ്പ് കളത്തിൽ എത്തിയ ജനചന്ദ്രനെതിരെ ഇതിനോടകം തന്നെ സംസ്ഥാന ബിജെപി നേതൃത്വവും രംഗത്ത് എത്തിയിട്ടുണ്ട്.
വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ബിജെപി സ്ഥാനാർഥിയാകാൻ ശോഭാ സുരേന്ദ്രൻ കരുനീക്കം ആരംഭിച്ചിരുന്നു. ശോഭയെ വെട്ടി സ്ഥാനാർഥിയാകാൻ എതിർ വിഭാഗത്തിൽ നിന്നുള്ള മൂന്നു നേതാക്കളും കരുക്കൾ നീക്കിയിരുന്നു. എന്നാൽ, ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡൽഹിയിൽ നിന്നുള്ള കേന്ദ്ര നേതാക്കൾ ജനചന്ദ്രനെ സ്ഥാനാർഥിയാക്കിയത്. ഇതിനോടുള്ള എതിർപ്പ് പരിഗണിച്ച് ശോഭയും സംഘവും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നു വിട്ടു നിൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രാദേശിക തലം വരെയുള്ള തങ്ങളുടെ പ്രവർത്തകരോടു പ്രവർത്തനങ്ങളിൽ നിർജീവമാകാനുള്ള നിർദേശമാണ് ശോഭയും ഇവരെ പിൻതുണയ്ക്കുന്നവരും നൽകിയിരിക്കുന്നത്.
ഇതിനിടെ തങ്ങളുടെ പരിഗണനകളെല്ലാം വെട്ടി കേന്ദ്ര നേതൃത്വം അടിച്ചേൽപ്പിച്ച സ്ഥാനാർഥിക്കെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗവും ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. ഇവരും പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുമെന്നാണ് സൂചന.