![](https://dailyindianherald.com/wp-content/uploads/2016/05/sobha.jpg)
രാഷ്ട്രീയ ലേഖകൻ
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ബിജെപി നേതൃത്വം പരസ്പരം കാലുവാരുമെന്ന സൂചനകളെ തുടർന്നു ഈ മണ്ഡലങ്ങളിൽ ആർഎസഎസ് നേതൃത്വം ഇടപെടുന്നു. പാലക്കാട്, കഴക്കൂട്ടം, ചെങ്ങന്നൂർ നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികൾക്കെതിരെ കാലുവാരലുണ്ടാകുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ ആർഎസ്എസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തിന്റെ തലപ്പത്തു നിൽക്കുന്ന ശോഭാ സുരേന്ദ്രനാണ് കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരട്.
ശോഭാസുരേന്ദ്രനെ പരാജയപ്പെടുത്താനായി ബിജെപിയെ നേതൃത്വത്തിലെ ഒരു വിഭാഗം തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചനകൾ. ആർഎസ്എസിനും ഹിന്ദു സംഘടനകൾക്കും കരുത്തുള്ള പാലക്കാട് നിയോജക മണ്ഡലത്തിൽ ബിജെപി വോട്ടുകൾ മറിച്ചു നൽകി ശോഭ രണ്ടാം സ്ഥാനത്ത് എത്തുന്നതു പോലും തടയുകയാണ് ഇപ്പോൾ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. ഇതിനായി സംസ്ഥാന നേതൃത്വത്തിലെ മുൻ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മറ്റൊരു നിയോജക മണ്ഡലത്തിൽ രഹസ്യ യോഗം ചേർന്നിരുന്നു. കേന്ദ്ര നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്വത്തെ വെട്ടിയാണ് പലപ്പോഴും കേന്ദ്രത്തിൽ നിന്നു കാര്യങ്ങൾ നേടിയെടുക്കുന്നത്. ഇതു തന്നെയാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിക്കുന്നതും. ശോഭ പാലക്കാട് രണ്ടാം സ്ഥാനത്തെങ്കിലും എത്തിയാൽ ഇത് കേന്ദ്ര നേതൃത്വത്തിലുള്ള ഇവരുടെ സ്വാധീനം വർധിപ്പിക്കുമെന്നു തിരിച്ചറിഞ്ഞാണ് ഇപ്പോൾ ബിജെപി നേതൃത്വം ശോഭയെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന.
നേമത്ത് ഒ.രാജഗോപാലും, വട്ടിയൂർക്കാവിൽ കുമ്മനവും വിജയിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന സൂചനകൾ ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കഴക്കൂട്ടത്തും, ചെങ്ങന്നൂരിലും മുൻ സംസ്ഥാന അധ്യക്ഷൻമാർ വിജയിച്ചാൽ ഇത് തങ്ങൾക്കു ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ രണ്ടു നിയോജക മണ്ഡലങ്ങളിലും ബിജെപിയുടെ മുൻ അധ്യക്ഷൻമാരെ വാരിത്തോൽപ്പിക്കാൻഇപ്പോഴുള്ള ഔദ്യോഗിക നേതൃത്വത്വത്തെ പ്രേരിപ്പിക്കുന്ന ഘടകം. ഇതേ തുടർന്നു ഇത്തരത്തിൽ ബിജെപിക്കുള്ളിൽ നിന്നു തന്നെ അട്ടിമറി നടക്കുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ ആർഎസ്എസ് നേതൃത്വം തന്നെ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.