ന്യൂയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പുതിയ ചിപ്പ് വിപണിയിലേക്ക്. തലമുടിയേക്കാള്‍ കനംകുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍ ന്യൂറോസയന്‍സാണ്.
ശരീരം തളര്‍ന്നവര്‍ക്കായാണ് യഥാര്‍ഥത്തില്‍ ചിപ്പ് രൂപകല്‍പന ചെയ്തത്. തലച്ചോറിന്റെ മുകളിലാണു ചിപ്പ് സ്ഥാപിക്കുന്നത്. ഇന്‍സുലേഷന്‍ ടേപ്പിനോടുള്ള സാമ്യമുള്ള രൂപത്തിലാണു ചിപ് ലഭിക്കുക.
തലയോട്ടിയില്‍ നേരിയ ദ്വാരമുണ്ടാക്കിയാകും ചിപ്പ് സ്ഥാപിക്കുക. എന്നാല്‍, ഇതിനായി മുടി മുറിക്കുകപോലും വേണ്ടെന്നാണു പ്രിസിഷന്‍ സി.ഇ.ഒ: െമെക്കല്‍ മാഗെര്‍ പറഞ്ഞു.
തലച്ചോറിലെ തരംഗങ്ങള്‍ പിടിച്ചെടുത്താണ് ഉപകരണം പ്രവര്‍ത്തിക്കുക. ഇതുവേര്‍തിരിച്ചു കമ്പ്യൂട്ടറിലേക്കു കൈമാറും. തലച്ചോര്‍ ആഗ്രഹിക്കുന്നത് കൃത്യമായി തിരിച്ചറിയാന്‍ കമ്പ്യൂട്ടറിനാകും. സാമൂഹിക മാധ്യമ സന്ദേശങ്ങള്‍ ഇങ്ങനെ തലച്ചോറിലേക്ക് എത്തിക്കാനും ചിപ്പ് വഴി കഴിയും.
പുതിയ ഉപകരണം യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ ഏതാനും മാസങ്ങള്‍ക്കകം വിപണിയിലെത്തും.
എലോണ്‍ മസ്‌കിന്റെ ന്യൂറല്‍ലിങ്കും തലച്ചോറില്‍ സ്ഥാപിക്കാവുന്ന ചിപ്പിനായുള്ള ഗവേഷണത്തിലാണ്. അവര്‍ രൂപകല്‍പന ചെയ്ത ചിപ്പ് തലച്ചോറില്‍ സ്ഥാപിക്കാന്‍ തലയോട്ടിയില്‍ ദ്വാരമിടേണ്ടിവരും.