വോട്ടിംഗ് യന്ത്രത്തിലെ അപാകതകള്‍ക്ക് തെളിവ് നിരത്തി സോഷ്യല്‍മീഡിയ; മായാവതിയുടെയും അഖിലേഷിന്റെ ആരോപണങ്ങള്‍ തള്ളി ഇലക്ഷന്‍ കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രിത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ നിറം കെടുത്തുന്നത്. ബിഎസ്പി നേതാവ് മായാവതിയാണ് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത് പിന്നാലെ മുഖ്യമന്ത്രി അഖലേഷ് യാദവ് ഇതിനെ പിന്‍താങ്ങിയിരുന്നു. എ്‌നാല്‍ ഇലക്ഷന്‍കമ്മീഷന്‍ മായാവതിയുടെ പരാതി തള്ളിയിരുന്നു. യാതൊരു തെളിവും ഇല്ലാത്ത പരാതി നിയമപരമായി നിലനില്‍ക്കില്ലെന്നും ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു.

എന്നാല്‍ സോഷ്യമീഡിയ വോട്ടിംഗ് യന്ത്രത്തിന്റെ സുതാര്യത ചോദ്യം ചെയ്യുകയാണ്. വളരെ ആഴത്തിലുള്ള ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. 25 വര്‍ഷമായി ഐടി മേഖലയിലെ ജീവനക്കാരനായ ചേര്‍ത്തല സ്വദേശി ഒരു ജോയ് മാത്യുവിന്റെ അഭിപ്രായമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വോട്ടിംഗ് മെഷീനെ കുറിച്ച് ഒരു നിരീക്ഷണം വൈറലായിരുന്നു. വോട്ടിംഗ് മെഷീനുകളിലെ പ്രോഗ്രാമുകളില്‍ ആവശ്യാനുസരണം മാറ്റം വരുത്താനാവുമെന്നാണ് ജോയ് മാത്യു പറയുന്നത്. വിദഗ്ധരായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ വിചാരിച്ചാല്‍ ഇതിന്റെ ക്രമീകരണം എളുപ്പമാണ്. പരിശോധിക്കുമ്പോള്‍ എല്ലാം കൃത്യമായി പ്രവര്‍ത്തിക്കും. ആദ്യത്തെ പത്തോ അമ്പതോ പ്രാവശ്യം കൃത്യമായി പ്രവര്‍ത്തിച്ചു കഴിഞ്ഞു മാത്രം ഈ സെറ്റിങ്ങിലേക്കു മാറാം. അതില്ലെങ്കില്‍ മറ്റുള്ള സ്ഥാനാര്‍ഥികള്‍ക്ക് വരുന്ന അഞ്ചു വോട്ടുകളില്‍ ഒന്ന് നമുക്ക് വേണ്ടയാളിന് കിട്ടത്തക്ക രീതിയില്‍ സെറ്റ് ചെയ്യാം. അല്ലെങ്കില്‍ ഒരു ടൈം സെറ്റിംഗിലൂടെ വോട്ടിംഗ് ദിവസം രാവിലെ ഒമ്പത് മണിക്കോ 10 മണിക്കോ സെറ്റിംഗ് സിസ്റ്റം പ്രവര്‍ത്തനം തുടങ്ങുകയും വൈകീട്ട് വീണ്ടും അത് ഓഫ് ആയി കൃത്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയില്‍ സെറ്റ് ചെയ്യാം. ഒരു ഹിസ്റ്ററിയും ബാക്കി വെക്കാതെ എല്ലാ സെറ്റിംഗുകളും ആവശ്യം കഴിഞ്ഞാല്‍ മായിച്ചു കളയുകയും ചെയ്യും. അതിവിദഗ്ധമായ പരിശോധനക്ക് ആരും മുതിരാന്‍ സാധ്യതയില്ല എന്നത് കൊണ്ട് തന്നെ കള്ളത്തരം എളുപ്പം തിരിച്ചറിയാന്‍ സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെ സാധൂകരിക്കുന്നതാണ് ലഖ്‌നോവിലെ ഇങ്കിലാബ് പത്രത്തിന്റെ മേധാവി മുഹമ്മദ് ഖാലിദ് യുപി തെരഞ്ഞെടുപ്പിന് മുമ്പായി നടത്തിയ അവലോകനം. ഉത്തര്‍പ്രദേശില്‍ പോള്‍ ചെയ്ത വോട്ടുകള്‍ യന്ത്രത്തില്‍ കാണിക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിനായി നിരവധി തെളിവുകളും അദ്ദേഹം പറയുന്നുണ്ട്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ലഖ്‌നോവില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി രാജ്‌നാഥ് സിംഗിന് ലഭിച്ച ഭൂരിപക്ഷമാണ് അതിലൊന്ന്. ഫലപ്രഖ്യാപനത്തിന് മുമ്പ് വോട്ടെടുപ്പില്‍ താന്‍ പരാജയപ്പെടുമെന്ന് സിംഗ് തന്നെ സൂചന നല്‍കിയിട്ടും രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിംഗ് ജയിച്ചത്. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായി അനീസ് അന്‍സാരി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനായി യന്ത്രത്തില്‍ ഞെക്കിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ താമര തെളിഞ്ഞുവന്ന കാര്യവും മുഹമ്മദ് ഖാലിദ് ചൂണ്ടിക്കാണ്ടുന്നു. (അനീസ് അന്‍സാരി ബൂത്തിനകത്ത് വെച്ച് പരാതിയെഴുതി നല്‍കി. ജില്ലാ മജിസ്‌ട്രേറ്റിനെ നേരില്‍ക്കണ്ടും പരാതി നല്‍കി. നടപടിയുണ്ടായില്ല). വോട്ടിംഗ് യന്ത്രം എവിടെ വെച്ചാലും റിമോട്ട് വഴി ഡാറ്റകളില്‍ മാറ്റം വരുത്താനാവുമെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഖാലിദ് ചൂണ്ടിക്കാട്ടുന്നു. വരാണസിയില്‍ മോദിക്ക് പോള്‍ ചെയ്തതില്‍ കൂടുതല്‍ വോട്ടുകള്‍ ആണ് യന്ത്രം കാണിച്ചത്. (അതിനെതിരെ നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല). മുംബൈയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് നിരുപം ആണ് ആദ്യമായി ഈ വിഷയം ഉന്നയിച്ചത്. മണ്ഡലത്തില്‍ രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ താന്‍ ജയിക്കുമെന്ന് അദ്ദേഹം കമ്മീഷനെ വെല്ലുവിളിച്ചു.

നേരത്തെ ഈ സംശയം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉന്നയിച്ചിരുന്നു. പക്ഷേ ആരും ഗൗനിച്ചില്ല. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അതിനാല്‍ ചില ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളില്‍ എത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് രേഖപ്പെടുത്തപ്പെടുന്നത് എന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കെജ്‌രിവാള്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ അത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്താന്‍ കഴിയില്ലെന്ന വിശദീകരണവുമായി ആരോപണങ്ങളെ തള്ളിക്കളയുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്തത്.

കഴിഞ്ഞ മഹാരാഷ്ട്ര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വന്തം വോട്ട് കാണാനില്ലെന്ന് പറഞ്ഞ് 700 സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതാണ് ഈ വിഷയത്തില്‍ അവസാനം പുറത്തുവന്നത്. ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയ മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് തോറ്റ 700ലേറെ സ്ഥാനാര്‍ഥികളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. ബി.ജെ.പി ജയിച്ച പുനെ നഗരസഭ ഒന്നാം വാര്‍ഡില്‍ മത്സരിച്ച 15 പേര്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചത്.

വാര്‍ഡിലെ ആകെ 62,810 വോട്ടര്‍മാരില്‍ 33,289 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണിയപ്പോള്‍ മൊത്തം വോട്ട് 43,324. അധിക 10,035 വോട്ടുകള്‍ എവിടെനിന്ന് വന്നെന്നാണ് പരാജിതരായ കോണ്‍ഗ്രസ്, എന്‍.സി.പി സ്ഥാനാര്‍ഥികളും സ്വതന്ത്രരും അടക്കമുള്ളവര്‍ ചോദിക്കുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുംബൈ നഗരസഭ 164 ാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് ഷീര്‍സാതിന് താനും കുടുംബവും വോട്ട് ചെയ്ത ബൂത്തില്‍നിന്ന് ലഭിച്ചത് വട്ടപ്പൂജ്യം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്തിന് ഈ വാര്‍ഡില്‍നിന്ന് 1500 വോട്ടാണ് കിട്ടിയത്. ഇത്തവണ വോട്ടിങ് യന്ത്രത്തില്‍നിന്ന് താനും കുടുംബവും ചെയ്ത വോട്ടെവിടെ പോയെന്നാണ് ശ്രീകാന്തിന്റെ ചോദ്യം. 151ാം വാര്‍ഡില്‍ മത്സരിച്ച ഗോരഖ് അവാദാണ് പരാതി നല്‍കിയ മറ്റൊരു സ്വതന്ത്രന്‍. തന്റെ ബൂത്തില്‍ തനിക്കുമാത്രം വോട്ടുചെയ്യുന്ന അനുയായികളുണ്ടെന്നും എന്നാല്‍, ഇത്തവണ 100 വോട്ടാണ് കിട്ടിയതെന്നുമാണ് പരാതി.

സംഭാജി ബ്രിഗേഡിന്റെ മുംബൈ അധ്യക്ഷനും അന്വേഷണം ആവശ്യപ്പെട്ട് കമീഷനെ സമീപിച്ചിട്ടുണ്ട്. അമരാവതി നഗരസഭയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങളിലെ അപാകത അന്വേഷിക്കണമെന്നും വോട്ട് വീണ്ടും എണ്ണണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്നത് പ്രദേശത്തെ എം.എല്‍.എയും യുവ സ്വാഭിമാന്‍ പാര്‍ട്ടി നേതാവുമായ രവി റാണയാണ്. തെരഞ്ഞെടുപ്പ് നടന്ന 10 നഗരസഭകളില്‍ എട്ടെണ്ണത്തില്‍ ബി.ജെ.പിയും മുംബൈ, താണെ എന്നിവിടങ്ങളില്‍ ശിവസേനയുമാണ് വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ് ഭരിച്ച അമരാവതി, സോലാപുര്‍, എന്‍.സി.പി ഭരിച്ച പുനെ, പിംപ്രി-ചിഞ്ച്വാഡ, എം.എന്‍.എസിന്റെ നാസിക് എന്നിവിടങ്ങളിലാണ് ബി.ജെ.പി മുമ്പ് ലഭിച്ചതിന്റെറ മൂന്നിരട്ടിയിലേറെ സീറ്റുനേടി ഒന്നാമതെത്തിയത്.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ തലോജയിലുള്ള ഭാരത് ഇലക്ട്രോണിക്‌സിലാണ് രാജ്യത്തെ വോട്ടിംഗ് മെഷീനില്‍ നല്ലൊരു പങ്കും ഉണ്ടാക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. വികസിതമായ വിദേശ രാജ്യങ്ങളില്‍ പലതും ഇപ്പോഴും ബാലറ്റ് ഉപയോഗിക്കുന്നതിന് കാരണവും ഇലക്ട്രോണിക് യന്ത്രത്തിന്റെ സുതാര്യതയില്ലായ്മയാണ്.

Top