ന്യൂയോർക്ക് :
ഫെയ്സ്ബുക്കും സഹോദര സ്ഥാപനങ്ങളും പ്രവര്‍ത്തന രഹിതമായ രാത്രിയില്‍ നേട്ടമുണ്ടാക്കിയത് പോണ്‍ ഹബ് എന്ന് റിപ്പോര്‍ട്ട്.ലൈംഗിക ചിത്ര ദൃശ്യങ്ങളുള്ള ഈ പ്ലാറ്റ്ഫോമിലേക്ക് നിരവധിയാളുകള്‍ വന്നതോടെ ട്രാഫികും ഉയര്‍ന്നു. ഫെയ്സ്ബുക്കും വാട്സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാനാകാതെ വന്നതോടെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിയ ആളുകളുടെ എണ്ണം 10.5 ശതമാനമാണ് വര്‍ധിച്ചതെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു.
ഫെയ്സ്ബുക്ക് നിശ്ചലമായതിനെ തുടര്‍ന്നുള്ള ഓരോ മണിക്കൂറിലും അഞ്ച് ലക്ഷം വീതം അധികമാളുകളാണ് പോണ്‍ ഹബിന്റെ വെബ്സൈറ്റിലേക്ക് എത്തിയത്. അതേസമയം ഇന്ത്യയില്‍ പോണ്‍ ഹബ് വിലക്കിയിരിക്കുന്നതിനാല്‍ അധികമായി എത്തിയ ആളുകളില്‍ ഇന്ത്യാക്കാരുണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ അധിക ട്രാഫികില്‍ നിന്ന് കമ്പനിക്ക് പ്രത്യേകമായ സാമ്പത്തിക നേട്ടമുണ്ടായോ എന്നും പോണ്‍ ഹബ് വ്യക്തമാക്കിയിട്ടില്ല.
ഏഴ് മണിക്കൂറോളം ഫേസ്ബുക്ക് നിശ്ചലമാകുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കത്തിക്കയറിയിരുന്നത് ഫേസ്ബുക്കിന്റെ തന്നെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകളാണ്. രണ്ട് വര്‍ഷക്കാലം ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് ഹൌഗന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഏഴ് മണിക്കൂറോളം ഫേസ്ബുക്കും സഹോദര പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമും വാട്സ്‌ആപ്പും നിശ്ചലമായത്. ഫേസ്ബുക്കിലെ പ്രൊഡക്‌ട് മാനേജര്‍ ആയിരുന്നു ഹൌഗന്‍.
ആപ്പുകള്‍ നിശ്ചലമായപ്പോള്‍ ഫെയ്സ്ബുക്കിന്റെ ഉടമ മാര്‍ക് സക്കര്‍ബര്‍ഗിന് 52000 കോടി രൂപയാണ് നഷ്ടമായത്. ഓഹരി വിപണിയില്‍ മൂല്യം കുത്തനെയിടിഞ്ഞതാണ് കാരണം. ഫ്രാന്‍സിസ് ഹൗഗന്റെ വെളിപ്പെടുത്തലും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഹൗഗന്റെ വെളിപ്പെടുത്തലുകള്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയത് മുതല്‍ സക്കര്‍ബര്‍ഗിന് കഷ്ടകാലമാണ്. ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യം 15 ശതമാനത്തോളം താഴേക്ക് പോയതാണ് തിരിച്ചടിയായത്.