സോളാര്‍ കമ്മിഷന്‍ അന്തിമറിപ്പോര്‍ട്ട് 3 മാസത്തിനകം”ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല

കൊച്ചി: സോളാര്‍ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി മൂന്നു മാസത്തിനകം സോളാര്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. കമ്മിഷന്റെ കാലാവധി ഏപ്രില്‍ 27ന് തീരും. ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ പറഞ്ഞു.25ന് രാവിലെ 11ന് തിരുവനന്തപുരം ഗസ്റ്റ്ഹൗസില്‍വച്ച് കമ്മിഷന്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. 58 കേസുകളില്‍ പ്രതിയായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബിജുവിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം ബിജുവിന്റെ അഭിഭാഷകന് ക്രോസ് വിസ്താരം നടത്താം.

27, 28 തീയതികളില്‍ സരിതയെ വിസ്തരിക്കും. 28ന് ബിജുവിന് സരിതയെ ക്രോസ് വിസ്താരം നടത്താനും കമ്മിഷന്‍ അനുവാദം നല്‍കി. അതേസമയം 27ന് പെരുമ്പാവൂര്‍ കോടതിയില്‍ കേസുണ്ടെങ്കില്‍ സരിതയ്ക്ക് കമ്മിഷനില്‍ നിന്നൊഴിവാകാം.
പത്തനംതിട്ട ജയിലില്‍ വച്ച് ദേഹപരിശോധനയ്ക്കിടെ ജയില്‍വാര്‍ഡര്‍മാര്‍ സരിതയില്‍ നിന്ന് പിടിച്ചെടുത്ത 42 പേജുള്ള കത്ത് ഹാജരാക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഇത് സ്വകാര്യരേഖയാണെന്ന സരിതയുടെ വാദം കമ്മിഷന്‍ തള്ളിക്കളഞ്ഞു. സാക്ഷികള്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തുന്ന പക്ഷം അറസ്റ്റ് വാറണ്ട് നല്‍കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും കമ്മിഷന്‍ ഉത്തരവിട്ടു.
ഇനിയും ഹാജരാകാനുള്ള സാക്ഷികളുടെ വിസ്താര തീയതി നിശ്ചയിച്ച് ഉടന്‍ പട്ടിക പുറത്തിറക്കും. ഇതിനുശേഷവും കമ്മിഷന് ബോധ്യപ്പെടുന്ന കാരണങ്ങളില്ലാതെ ഹാജരാകാതിരിക്കുന്നവര്‍ക്ക് എതിരേ സിവില്‍ നിയമ നടപടിപ്രകാരം വാറണ്ട് പുറപ്പെടുവിക്കുകയും അറസ്റ്റ് ചെയ്യുകയും സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുകയും അടക്കമുള്ള നടപടി സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്ന സാക്ഷി പട്ടികയില്‍ ഉള്‍പ്പെട്ട സരിത, ടെന്നി ജോപ്പന്‍ എന്നിവര്‍ കമ്മിഷന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് കമ്മിഷന്‍ മുമ്പാകെ ഹാജരാകാന്‍ സന്നദ്ധമാണെന്ന് അഭിഭാഷകന്‍ മുഖേന അറിയിച്ചു. ടെന്നി ജോപ്പന്‍ 23നും സരിത എസ്.നായര്‍ 27, 28 തിയതികളിലുമാണ് ഹാജരാവുക. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പികേണ്ടതില്ലെന്ന കമ്മിഷന്റെ തീരുമാനം സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്. അന്തിമ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും.ഇടക്കാല റിപ്പോര്‍ട്ടാണെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തായിരിക്കും സമര്‍പ്പിക്കാനവുക. ഇത് പ്രചരണ വിഷയമായാല്‍ സര്‍ക്കാരിന് തലവേദനയാകും.ഇനിയും കമ്മീഷന് 30 സാക്ഷികളെക്കൂടി വിസ്തരിക്കാനുണ്ട്.

Top