
പൊളിറ്റിക്കൽ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മന്ത്രിസഭയെ തന്നെ പിടിച്ചു കുലുക്കിയ സോളാർകേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ നാളെ റിപ്പോർട്ട് സമർപ്പിക്കും വൈകീട്ട് 3 മണിക്ക് ജസ്റ്റിസ് ശിവരാജൻ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. കമ്മീഷന്റെ കാലാവധി 27 അവസാനിക്കുന്ന സാഹചര്യത്തിലാണ് സോളാർ കമ്മീഷൻ മുഖ്യമന്ത്രിയെ കാണുന്നത്.
യുഡിഎഫ് സർക്കാറിനെ വിവാദങ്ങളുടെ നടുക്കടലിലാക്കിയതാണ് സോളാർ ആരോപണം. കേരളത്തിൽ സൗരോർജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പലരിൽ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. 70,000 മുതൽ 50 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയത് നൂറോളം പേർ. മുഖ്യമന്ത്രിയുടെ ഓഫീസിനെ വരെ ദുരുപയോഗം ചെയ്തെന്ന ആപോരണവും മുഖ്യപ്രതി സരിതാ നായർ അടക്കമുള്ളവരുടെ ഫോൺ രേഖകളും പുറത്ത് വന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്.
ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടർന്ന് പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം ജസ്റ്റിസ് ജി ശിവരാജൻ ഏറ്റെടുക്കുന്നത് 2013 ഒക്ടോബർ 28 ന് . 2015 ജനുവരി 12 ന് ആരംഭിച്ച സാക്ഷി വിസ്താരം. ആരോപണങ്ങളുടെയും സോളാർ അഴിമതിയുടേയും പ്രഭവ കേന്ദ്രമെന്ന് ആരോപിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കമ്മീഷൻ വിസ്തരിച്ചത് തുടർച്ചയായ 14 മണിക്കൂർ . പിന്നീട് ആറ് ദിവസം കൂടി ഉമ്മൻചാണ്ടി കമ്മീഷന് മുന്നിൽ എത്തേണ്ടിയുംവന്നു. 216 സാക്ഷികളെ വിസ്തരിക്കുകയും 839 രേഖകൾ അടയാളപ്പെടുത്തുകയും ചെയ്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കുന്നത്.
ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശത്തോടെ നിലവിൽ വന്ന കമ്മീഷൻ മൂന്നര വർഷമാണ് പിന്നിടുന്നത്. കമ്മീഷന്റെ കണ്ടെത്തലുകളും ശുപാർശകളിലുള്ള തുടർനടപടികളും എന്തെന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. അതേസമയം റിപ്പോർട്ട് തയ്യാറാകുന്നതേ ഉള്ളൂ എന്നും നാളെ സമർപ്പിക്കുമെന്ന് തീർത്ത് പറയാനാകില്ലെന്നുമാണ് ജസ്റ്റിസ് ജി ശിവരാജൻ പറയുന്നത്.