കൊച്ചി: ടീം സോളാര്‍ കമ്പനിക്ക് കേന്ദ്ര സംസ്‌ഥാന ഏജന്‍സികളുടെ അംഗീകാരത്തിനും ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനായി താന്‍ മുന്‍ കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനും മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാറിനും ആര്യാടന്‍ മുഹമ്മദിനും പണം നല്‍കിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്‌ണന്‍ ജസ്‌റ്റിസ് ജി. ശിവരാജന്‍ കമ്മിഷനില്‍ മൊഴി നല്‍കി.
വേണുഗോപാലിന് രണ്ടു തവണയായി 35 ലക്ഷം രൂപ നല്‍കി. ആദ്യം 25 ലക്ഷം രൂപയും പിന്നീട് 10 ലക്ഷം രൂപയും വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിലെത്തിയാണ് നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ എം.എന്‍.ആര്‍.ഇ വിഭാഗത്തിന്റെയും അവരുടെ സംസ്‌ഥാന നോഡല്‍ ഏജന്‍സിയായ അനര്‍ട്ടിന്റെയും ചാനല്‍ പാര്‍ട്‌ണറായി പ്രവര്‍ത്തിക്കുന്നതിനുള്ള പട്ടികയില്‍ പെടുന്നതിനായാണ് ഈ പണം നല്‍കിയത്. വേണുഗോപാലിനെ സമീപിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന തന്റെ ബന്ധു ആലപ്പുഴ പഴവീട് സ്വദേശി നാഗരാജന്‍ വഴിയാണ്.പുനരുപയുക്‌ത ഊര്‍ജവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യോഗത്തിലും തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തിലും പങ്കെടുക്കാനുള്ള അവസരം വേണുഗോപാല്‍ ചെയ്‌തുതന്നു.
പിന്നീട് താനറിയാതെ സരിത അദ്ദേഹത്തെ ആലപ്പുഴ കയര്‍ എക്‌സ്‌പോ നടക്കുമ്പോഴും ഡല്‍ഹിയില്‍ വച്ചും കണ്ടു. ആ ദേഷ്യത്തില്‍ വേണുഗോപാലിനെ വിളിച്ച് പണം തിരികെ ആവശ്യപ്പെട്ടതു മുതലാണ് അദ്ദേഹവുമായുള്ള ബന്ധം മോശമായതെന്നും ബിജു പറഞ്ഞു.
കെ.ബി. ഗണേഷ്‌കുമാറിന് 40 ലക്ഷം രൂപയാണ് നല്‍കിയത്. ഗണേഷ്‌കുമാറാണ് പിരപ്പന്‍കോട് സര്‍ക്കാര്‍വക അക്വാട്ടിക് സ്‌റ്റേഡിയത്തിലും തേക്കടിയിലെ വന്യജീവി സങ്കേതത്തിലും തിരുവനന്തപുരത്ത് സായിയുടെ അക്വാടിക് സ്വിമ്മിങ് പൂളിലും സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കുന്നതിന് വിശദമായ രൂപരേഖ തയാറാക്കിത്തരാന്‍ പറഞ്ഞത്.
ഈ പദ്ധതികളുടെ തുകയില്‍നിന്ന് പത്തുശതമാനം പാര്‍ട്ടിഫണ്ടിലേക്ക് നല്‍കാനാവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ സഹായികളായ പ്രദീപും ശരണ്യമനോജും കമ്പനിയുടെ ഓഫീസിലെത്തി 40 ലക്ഷം രൂപ വാങ്ങിക്കൊണ്ടുപോയി.
ഗണേഷിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ അജന്തയില്‍വച്ച് ഗണേഷ് കുമാറിനെയും സരിതയെയും കണ്ടെത്തി. അന്ന് അക്രമാസക്‌തനായ താന്‍ ഗണേഷിനെ ഉപദ്രവിക്കുകയും ചെയ്‌തു.
2001 മുതല്‍ ഗണേഷും സരിതയുമായി ബന്ധമുണ്ടായിരുന്നെന്നറിഞ്ഞത് അന്നാണ്. അന്ന് വീട്ടില്‍ കൊണ്ടുവന്നാക്കിയശേഷം താനും സരിതയുമായി ബന്ധമുണ്ടായിട്ടില്ല.
ടീം സോളാറിന്റെ നടത്തിപ്പിനും ഷോറൂമുകളുടെ ഉദ്‌ഘാടനപരിപാടികളുടെ നടത്തിപ്പിനും ഒരുക്കങ്ങള്‍ ചെയ്‌തുതന്നിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. നാട്ടുകാരനായ ജോപ്പനാണ് ഇക്കാര്യങ്ങളില്‍ ഇടപെട്ടിരുന്നത്.