
പൊളിറ്റിക്കൽ ഡെസ്‌ക്
കോഴിക്കോട്: സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം നടത്തിയ കമ്മിഷൻ റിപ്പോർട്ട് മേശപ്പുറത്ത് വയ്ക്കുമെന്ന് ഉറപ്പായതോടെ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ തിരശീല വീഴുമെന്ന് സൂചന. ഉമ്മൻചാണ്ടിയുടം ജീവിതം തന്നെ തകർക്കാൻ ശേഷിയുള്ളതാണ് റിപ്പോർട്ടിന്റെ ഉ്ള്ളടക്കമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
സോളാർ കമ്മിഷൻ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം തന്നെയാണ് ഒൻപതിന് ചേരുന്നത്. അന്ന് കേരളം നടുങ്ങുക തന്നെ ചെയ്യും. കാരണം സോളാർ കമ്മിഷൻ റിപ്പോർട്ട് പൂർണ്ണമായി വെളിയിൽ വരുന്ന ദിവസമാണ് വ്യാഴാഴ്ച. കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും സംബന്ധിച്ചിടത്തോളം ഒരു ബോംബിനു തുല്യമാണത്.
കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറയുന്നത് പോലെ സോളാർ കമ്മിഷൻ റിപ്പോർട്ട് എന്ന ബോംബ് പൊട്ടുകയും കോൺഗ്രസ് അത് അതിജീവിക്കുകയും ചെയ്തു എന്നതിൽ വാസ്തവമില്ല. സോളാർ കമ്മിഷൻ റിപ്പോർട്ട് ഇപ്പോഴും രഹസ്യങ്ങളിൽ പൊതിഞ്ഞു സൂക്ഷിക്കപ്പെടുകയാണ്. അത് കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നിൽ പൂർണ്ണ വെളിപ്പെടുത്തലുകളോടെ വന്നിട്ടില്ല.
രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പ്രധാന ഉത്തരവാദികളാണ് എന്നാണ് സോളാർ കേസന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷൻ കണ്ടെത്തിയത്.
ഉമ്മൻചാണ്ടി കൈക്കൂലി വാങ്ങിയെന്നും ക്രിമിനൽ കേസിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കാൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രമിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഊർജമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് നിയമവിരുദ്ധമായി ടീം സോളാറിനെയും സരിത എസ്.നായരെയും സഹായിച്ചും എന്നും റിപ്പോർട്ടിലുണ്ട്. സരിത നായർ പുറത്തുവിട്ട കത്തിൽ പറഞ്ഞവർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കാര്യത്തിൽ നിയമോപദേശത്തിനായി സർക്കാർ ജസ്റ്റിസ് അരിജിത്ത് പസായതിനെ സമീപിച്ചിട്ടുമുണ്ട്.
ഒൻപതാം തീയതി മാത്രമേ സോളാർ കമ്മിഷൻ റിപ്പോർട്ട് പബ്ലിക് ഡോക്യുമെന്റ് ആവുകയുള്ളൂ. അന്ന് മാത്രമേ സോളാർ വിശദാംശങ്ങൾ വെളിയിൽ വരുകയുള്ളൂ. സോളാർ കമ്മിഷൻ റിപ്പോർട്ട് വെളിയിൽ വന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരും എന്ന സൂചനകൾ പ്രബലമാണ്. കാരണം അത്രമാത്രം ഗൗരവതരമായ ആരോപണങ്ങളാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിലുള്ളത് എന്നാണു ലഭ്യമായ വിവരം.
ഇടത് കേന്ദ്രങ്ങൾ പുറത്തു വിടുന്നത് ഈ കാര്യങ്ങൾ തന്നെയാണ്. സഭ സമ്മേളിക്കുന്നത് സോളാർ കമ്മിഷൻ റിപ്പോർട്ട് സമർപ്പണത്തിനു വേണ്ടി മാത്രമാണ്. അതുകൊണ്ട് തന്നെ മറ്റ് നടപടിക്രമങ്ങളിലേക്ക് സഭ കടക്കുകയില്ല. സഭയുടെ മേശപ്പുറത്ത് റിപ്പോർട്ട് വയ്ക്കുക. മുഖ്യമന്ത്രിയുടെ പ്രസംഗം. അതുമാത്രമേ വ്യാഴാഴ്ച കാണുകയുള്ളൂ. പക്ഷെ വ്യാഴാഴ്ച പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയേക്കും.
റിസോർട്ടിനായി വയൽ നികത്തിയ സംഭവത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടാകും പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുക. ഇത് ഭരണപക്ഷം കണക്കുകൂട്ടുകയും ചെയ്യും. വാസ്തവത്തിൽ തോമസ് ചാണ്ടിയുടെ രാജിയാണോ യുഡിഎഫ് ലക്ഷ്യം? അതോ സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്തു വരുന്നത് പരമാവധി വൈകിപ്പിക്കുകയോ? സൂക്ഷ്മനിരീക്ഷണം നടത്തിയാൽ വ്യക്തമാകും. തോമസ് ചാണ്ടിയുടെ രാജിയെക്കാളും യുഡിഎഫ് പ്രാധാന്യം നൽകുന്നത് സോളാർ കമ്മിഷൻ റിപ്പോർട്ടിന്നാണ്. അത് പൊതു ശ്രദ്ധയിൽ നിന്നും പരമാവധി മാറണം. ഇതാണ് യുഡിഎഫ് ഊന്നൽ.
തോമസ് ചാണ്ടിയുടെ രാജിയുടെ പേരിൽ യുഡിഎഫ് യുദ്ധസന്നദ്ധമായി നിലകൊണ്ടത് സോളാർ കമ്മിഷൻ റിപ്പോർട്ട് പൊതു ശ്രദ്ധയിൽ നിന്നും മാറ്റാനാണ്. തോമസ് ചാണ്ടിയുടെ രാജി ആവശ്യമാണെങ്കിലും യുഡിഎഫ് ലക്ഷ്യം സോളാർ കമ്മിഷൻ റിപ്പോർട്ട് ആയിരുന്നു. തോമസ് ചാണ്ടിയുടെ പേരിൽ യുഡിഎഫ് യുദ്ധസജ്ജമായത് ഒൻപതാം തീയതി വരെ സോളാർ കമ്മിഷൻ റിപ്പോർട്ട് പൊതു ശ്രദ്ധയിൽ നിന്നും മാറ്റാനായിരുന്നു. തോമസ് ചാണ്ടിയുടെ രാജി വന്നാൽ സോളാർ പൊതുശ്രദ്ധയിൽ നിന്നും അപ്രത്യക്ഷമാക്കാം.
സോളാർ കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോൾ യുഡിഎഫിനു സഭയിൽ ബഹളം വെയ്ക്കാം. മൂന്നു മന്ത്രിമാരുടെ രാജി പ്രശ്‌നം ഉയർത്തിക്കാട്ടാം. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി വിഷയത്തിൽ വൻ രാഷ്ട്രീയ മൈലേജ് ആണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. പക്ഷെ തോമസ് ചാണ്ടിയുടെ രാജി പല കാരണങ്ങളാൽ ഇപ്പോഴും വൈകുമ്പോൾ തങ്ങൾക്ക് ലഭിക്കുന്ന രാഷ്ട്രീയ തിരിച്ചടി കോൺഗ്രസ് തിരിച്ചറിയുന്നുമുണ്ട്.
തോമസ് ചാണ്ടി ചെയ്ത കുറ്റത്തിന്റെ ഗൗരവവും കോൺഗ്രസ് നേതാക്കളുടെ മുൻപിലുണ്ട്. കാരണം വയൽ-കായൽ നികത്തൽ സംബന്ധമായി സർക്കാർ ശക്തമായ നടപടികൾ കൈക്കൊണ്ടാൽ പല വീടുകളും പാർട്ടി ഓഫീസുകളും വൻകിട ബിസിനസ് ഓഫീസുകളും പൊളിച്ചു മാറ്റേണ്ടി വരും. യുഡിഎഫ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയിലിൽ പോകേണ്ടിയും വരും. അതെല്ലാം തത്ക്കാലം വിസ്മൃതമാക്കിയാണ് തോമസ് ചാണ്ടി വിഷയത്തിൽ യുഡിഎഫ് യുദ്ധസജ്ജമായി മാറിയത്. കാരണം മുന്നിൽ സോളാർ എന്ന ബോംബ് നിലകൊള്ളുന്നു.
സോളാർ കമ്മിഷൻ റിപ്പോർട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങൾ എന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. സോളാർ ഇപ്പോഴും വി.എം.സുധീരന്റെ കയ്യിലുള്ള ശക്തമായ ആയുധമാണ്. കെപിസിസി അധ്യക്ഷൻ ആയിരുന്ന വേളയിൽ എ-ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ തന്നെ നിരന്തരം അപമാനിച്ചതും വെള്ളം കുടിപ്പിച്ചതും അങ്ങിനെ മറക്കാൻ സുധീരൻ ഇപ്പോഴും തയ്യാറല്ല. അതുകൊണ്ട് തന്നെ സോളാർ കോൺഗ്രസിനെ സംബന്ധിച്ച് ഒരു ബോംബിനു തുല്യമാണ്.
സോളാർ കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞാൽ യുഡിഎഫിൽ, പ്രത്യേകിച്ചും കോൺഗ്രസിൽ പൊട്ടിത്തെറികൾ സംഭവിച്ചു തുടങ്ങും. സോളാർ കമ്മിഷൻ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വന്നാൽ അത് തുറന്ന ഡോക്യുമെന്റ് ആയി. അതോടെ ഏതു പൗരനും സോളാർ കമ്മിഷൻ റിപ്പോർട്ട് വിശദാംശങ്ങൾ ലഭിക്കും. സോളാർ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നാൽ തകരുന്നത് കോൺഗ്രസ് രാഷ്ട്രീയമാണ്. സോളാർ കമ്മിഷൻ റിപ്പോർട്ട് വിശദാംശങ്ങൾ മുഴുവനായും പുറത്തു വന്നാൽ ഉമ്മൻചാണ്ടി തന്റെ പൊതുജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുൻപ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത് സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്.
സോളാറിന്റെ പേരിൽ നടന്ന അഴിമതി-ലൈംഗികാപവാദ ആരോപണങ്ങളാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന വേളയിൽ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി തന്നെ മാനഭംഗപ്പെടുത്തിയെന്നു സോളാർ കേസിലെ പ്രധാന പ്രതിയായ സരിതാ നായർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സോളാർ ഇടപാടുകൾക്ക് ഉമ്മൻ ചാണ്ടി ഒന്നരക്കോടിയോളം രൂപ കൈപ്പറ്റിയതായും സരിത ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പിന്റെ കേന്ദ്രമായി മാറിയെന്നാണ് സോളാർ കേസിലെ പ്രധാന ആരോപണം. ഇതേ സോളാറിലെ അഴിമതി ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത് കോൺഗ്രസിന്റെ നാല് മുൻ മന്ത്രിമാരാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരായിരുന്ന അടൂർ പ്രകാശ്, എ.പി.അനിൽകുമാർ, ആര്യാടൻ മുഹമ്മദ്. കേസ് ഒതുക്കാൻ ശ്രമിച്ച മറ്റൊരു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുൻ കേന്ദ്രമന്ത്രിയും എംപിയുമായ കെ.സി.വേണുഗോപാൽ, ഇത് കൂടാതെ ഒരു ഡസൻ കോൺഗ്രസ് നേതാക്കൾ വേറെയും. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ പറഞ്ഞതിൽ ചെറിയ തിരുത്തൽ വരുത്തി പറയേണ്ടി വരും. സോളാർ എന്ന ബോംബ് പൊട്ടും. കോൺഗ്രസിന് അതിന്റെ ആഘാതം അതിജീവിക്കേണ്ടി വരുകയും ചെയ്യും.