സോളാറില്‍ സര്‍ക്കാരിന്റെ പങ്ക് അന്വേഷിച്ചില്ല: പൊലീസിനെ വിമര്‍ശിച്ച് സോളാര്‍ കമ്മിഷന്‍; കമ്മിഷന്‍ സര്‍ക്കാരിനെ തിരിഞ്ഞു കൊത്തുന്നു

കൊച്ചി: സോളാര്‍ അഴിമതി അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ വിമര്‍ശനം. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ലെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി ജയ്‌സണ്‍. കെ. എബ്രഹാമില്‍ നിന്ന് മൊഴിയെടുക്കുമ്പോഴായിരുന്നു കമ്മീഷന്റെ പരാമര്‍ശങ്ങള്‍. തട്ടിപ്പിലെ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണനും സരിതാ നായര്‍ക്കും ഏതെങ്കിലും ഉന്നതര്‍ കൂട്ടുനിന്നോയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന 33 തട്ടിപ്പ് കേസുകളില്‍ മലബാര്‍ മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത നാലെണ്ണത്തിന്റെ ചുമതലയാണ് ജയ്‌സണ്‍ കെ. എബ്രഹാമിനുണ്ടായിരുന്നത്. ഇതില്‍ കോഴിക്കോട് കസ്ബ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് സംബന്ധിച്ച് വിശദീകരണം തേടുമ്പോഴായിരുന്നു കമ്മീഷന്റെ വിമര്‍ശനം. അബ്ദുള്‍ മജീദ് എന്നയാള്‍ക്ക് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സോളാര്‍ ടീം കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. അന്നത്തെ കേന്ദ്ര ഊര്‍ജമന്ത്രി ഡോ. ഫാറൂക്ക് അബ്ദുള്ളയുടെ മകന്റെ സഹപാഠിയാണ് താനെന്നായിരുന്നു ബിജു രാധാകൃഷ്ണന്‍ പരിചയപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം ഫാറൂക്ക് അബ്ദുള്ളയെ കൊണ്ട് നിര്‍വഹിപ്പിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങില്‍ സംബന്ധിക്കുമെന്നും അബ്ദുള്‍ മജീദിനെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ഫാറൂക്ക് അബ്ദുള്ളയും ഉമ്മന്‍ചാണ്ടിയും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന കാര്യത്തെ കുറിച്ച് അന്വേഷിച്ചോയെന്ന് കമ്മീഷന്‍ ചോദിച്ചു. സരിതക്കും ബിജുവിനും ഉന്നത വ്യക്തികളുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും അത്തരം സഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബോധ്യമായതായും ഡിവൈഎസ്പി പറഞ്ഞു.

സോളാര്‍ കേസിലെ മറ്റൊരു പരാതിക്കാരനായ അബ്ദുള്‍ ഗഫൂര്‍ മലപ്പുറം എസ്പിക്കു നല്‍കിയ പരാതിയിലും ഉന്നതരുടെ പങ്കിനെ കുറിച്ച് പറയുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ പ്രലോഭിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെങ്കിലും അന്വേഷണ സംഘം ഇതിനെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചിെല്ലന്ന് കമ്മീഷന്‍ ചോദിച്ചു. ഈ പാരാതി സോളാര്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഈ പരാതിയെക്കുറിച്ച് അന്വേഷിച്ചിട്ട് മറുപടി നല്‍കാമെന്ന് ഡിവൈഎസ്പി മൊഴി നല്‍കി. മൊഴി എടുക്കല്‍ ഇന്നും തുടരും.

Top