കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തിന് മറുപടിയുമായി സോളാര്‍ കമ്മീഷന്‍. മതിയായ സുരക്ഷയോടെയാണ് ബിജുവിനെ തെളിവെടുപ്പിന് കൊണ്ടുപോയതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് ബസിലും ട്രെയിനിലും രണ്ട് പൊലീസുകാരുമായി കൊണ്ടുപോയവരാണ് ഇപ്പോള്‍ ബിജുവിന്റെ കാര്യത്തില്‍ ആശങ്കപ്പെടുന്നത് .കോയമ്പത്തൂര്‍ അമേരിക്കയില്‍ അല്ലെന്നും കമ്മീഷന്‍ പറഞ്ഞു. തെളിവു ശേഖരണത്തെ കുറിച്ച് എഡിറ്റോറിയല്‍ എഴുതിയ പത്രത്തില്‍ എഡിറ്റോറിയല്‍ എഴുതുന്നത് പോലെയല്ല കമ്മീഷന്‍ നടപടികളെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. കമ്മീഷന്‍ മണ്ടനാണെന്ന് ആരും ധരിക്കരുതെന്നും കമ്മീഷന്‍ പറഞ്ഞു.
സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയതെന്നും ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന്‍ നോക്കണമെന്നുമുളള ഹൈക്കോടതിയുടെ വിമര്‍ശത്തിനാണ് കമ്മീഷന്റെ മറുപടി. കമ്മീഷന്റെ നടപടി ന്യായികരിക്കാനാവത്തതാണെന്നും ജസ്റ്റിസ് ബി കമാല്‍പാഷെ വ്യക്തമാക്കി.
കൊലക്കേസ് പ്രതിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രയെക്കുറിച്ച് സോളാര്‍ കമ്മിഷന്‍ പോലീസിനെ അറിയിച്ചില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. പൊലീസിനെതിരെ കമ്മീഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അനാവശ്യമാണ്. ഈ കാര്യത്തില്‍ പൊലീസിന് യാതോരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഡിജിപിയടക്കമുളളവരെ കമ്മീഷന്‍ ഈ കാര്യങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.