![](https://dailyindianherald.com/wp-content/uploads/2016/04/OMMEN-1.png)
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജസ്റ്റിസ് ജി.ശിവരാജന്‍. സോളര്‍ കേസിലെ മുഴുവന്‍ തെളിവെടുപ്പും പൂര്‍ത്തിയായശേഷമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടു കക്ഷിയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കമ്മിഷന്‍.
ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അന്വേഷണ കമ്മിഷന്‍ നിയമപ്രകാരം അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷനില്‍ രേഖപ്പെടുത്തിയ പല മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇനിയും നിരവധി കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചറിയാനുണ്ട്. എന്നാല്‍ സോളര്‍ കമ്മിഷന്റെ നടപടികള്‍ ഏകപക്ഷീയമായി മാറുന്നുവെന്ന ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ വിമര്‍ശനത്തെ നിസാരമായി കാണാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കമ്മിഷന്റെ നിഷ്പക്ഷതയെപ്പറ്റി ആരോപണമുന്നയിച്ചത് ഗൗരവത്തോടെ കാണുന്നതായി കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ താന്‍ കമ്മിഷനെ നീതീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞതെന്നും അത് തെറ്റായിപ്പോയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടിയില്‍ രാജേന്ദ്രന്‍ വിശദീകരിച്ചു. കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ചു സി.പി.ഐ.എം അനുകൂല സംഘടന വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നിലപാട് അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുമുണ്ട്.