സ്വന്തം ലേഖകൻ
ന്യൂഡൽഹി: അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് എത്തുമെന്ന് നാസയുടെ മുന്നറിയിപ്പ്. 16 ലക്ഷം കിലോ മീറ്ററാണ് സൗരക്കാറ്റിന്റെ വേഗത.സൗരക്കാറ്റിനെ തുടർന്ന് ലോകത്താകമാനം ജിപിഎസ്, മൊബൈൽ ഫോൺ സിഗ്‌നലുകൾ, സാറ്റലൈറ്റ് ടിവി ചാനലുകൾ, വൈദ്യുതി എന്നിവയ്ക്ക് തടസം നേരിട്ടേക്കാമെന്നും മുന്നറിയിപ്പ്.
സൂര്യന്റെ അന്തരീക്ഷത്തിലെ മധ്യരേഖ ദ്വാരത്തിൽ നിന്നും വരുന്ന സൗരജ്വാലകളെ ജൂലൈ മൂന്നിനാണ് കണ്ടെത്തിയത്. സെക്കന്റിൽ 500 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാമെന്നാണ് സ്‌പെയിസ്വെതർ ഡോട് കോം പറയുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട കാന്തികമണ്ഡലത്തിൽ ഒരു കൊടുങ്കാറ്റിന് ഇത് കാരണമായേക്കില്ല. എന്നാലും കുറഞ്ഞ കാന്തികമണ്ഡലത്തിൽ (വടക്ക്, തെക്ക്, അക്ഷാംശ പ്രദേശങ്ങൾ) മിന്നൽ പോലെയുള്ള പ്രത്യേക പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ട്.
സൗരക്കാറ്റ് സാറ്റലൈറ്റുകൾക്ക് കേടുപാടുകൾ വരുത്തിയേക്കാം.ജിപിഎസ്, മൊബൈൽ ഫോൺ, വൈദ്യുതി എന്നിവയിൽ തടസം നേരിടാനും ഇത് കാരണമാകാം. അമേരിക്കയിലെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അനുസരിച്ച്, തുറന്ന പ്രദേശത്ത് സൗരക്കാറ്റ് മൂലം ഒരു മണിക്കൂറോളം റേഡിയോ കമ്മ്യൂണിക്കേഷൻ നഷ്ടപ്പെടാം.