സോളാറിൽ കോളടിച്ചത് കുമ്മനത്തിന്: അജണ്ടയില്ലാത്ത യാത്രയിൽ ഉണർന്ന് നേതൃത്വം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അജണ്ടയില്ലാത്ത യാത്രയുമായി കണ്ണൂരിൽ നിന്നു പുറപ്പെട്ട കുമ്മനത്തിന്റെ ജനരക്ഷായാത്രയ്ക്കു അപ്രതീക്ഷിതമായി കിട്ടിയ വടിയായി സോളാർ കേസ്. കണ്ണൂരിൽ നിന്നും ആരംഭിച്ച് ഇക്കണ്ട ജില്ലകളൊക്കെ പിന്നിടുമ്പോഴെല്ലാം കുമ്മനവും സംഘവും നാൾക്കുനാൾ പരിഹസിക്കപ്പെടുക മാത്രമായിരുന്നു. സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ ഫോട്ടോ അമിത് ഷായ്ക്കൊപ്പം ജനരക്ഷാ യാത്രയിൽ പങ്കെടുത്തവരുടേതാണെന്ന് കാണിച്ച് പ്രചരിപ്പിച്ച് സംഘപരിവാറിന്റെ സൈബർ വിഭാഗം തന്നെ കുമ്മനത്തിന്റെ യാത്രയെ നാണം കെടുത്തുകയും ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിൽ എൽഡിഎഫ് നടത്തിയ സോളാർ സമരത്തിന്റെ ചിത്രവും ഇത്തരത്തിൽ ആലപ്പുഴയിലെ ജനരക്ഷാ യാത്രയുടേതാണെന്ന് അവകാശപ്പെട്ടും ആ നാണക്കേടിന് ആക്കം കൂട്ടി. അതേസമയം ശക്തമായ ഒരു രാഷ്ട്രീയ വിഷയത്തെയും എടുത്തുയർത്താനാകാതെ കുമ്മനം സ്വയമേയും യാത്രയിലുടനീളം പരിഹാസ്യനാകുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ യാത്ര കോട്ടയത്തെത്തിയതോടെ കുമ്മനത്തിന് യാത്രയിലുന്നയിക്കാൻ ശക്തമായ ഒരു രാഷ്ട്രീയ ആയുധം ലഭിച്ചിരിക്കുന്നു. ആ ആയുധമാകട്ടെ ഭരണപക്ഷമായ എൽഡിഎഫിനെയും പ്രതിപക്ഷമായ യുഡിഎഫിനെയും ഒരുപോലെ അടിയ്ക്കാനും മാത്രം ശക്തമായ ആയുധവുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയമാണ് കുമ്മനത്തിന്റെ ഭാഗ്യമണ്ണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. കോട്ടയത്ത് നിലയ്ക്കലിൽ നടന്ന പ്രക്ഷോഭമാണ് കുമ്മനം രാജശേഖരൻ എന്ന രാഷ്ട്രീയ നേതാവിന്റെ ഉദയത്തിന് വഴിവച്ചത്. 1983ൽ കേരളത്തെ രണ്ടാക്കി പിളർത്തിയ ഹിന്ദു-ക്രിസ്ത്യൻ പോരാട്ടത്തിലേക്ക് നയിച്ചത് കുമ്മനത്തിന്റെ ഇടപെടലാണ്. പിന്നീട് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജോലി രാജിവച്ച് 1987ൽ ആർഎസ്എസ് പ്രചാരകനായി മാറി. നിലയ്ക്കൽ സമരത്തിന്റെ ഫലം കുമ്മനം ആദ്യമായി ആസ്വദിച്ചതും ഇതേവർഷമാണ്. ഹിന്ദുമുന്നണി രൂപീകരിച്ച് ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കുമ്മനം രണ്ടാം സ്ഥാനത്താണ് എത്തിയത്. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ മത്സരിച്ച് സാക്ഷാൽ ഇഎംഎസിനെ പോലും ആശങ്കയിൽ നിർത്തിയാണ് ഇടതുസ്ഥാനാർത്ഥി കെ ശങ്കരനാരായണ പിള്ളയ്ക്ക് പിന്നാലെ കുമ്മനം രണ്ടാം സ്ഥാനത്തെത്തിയത്. ആ തെരഞ്ഞെടുപ്പിന് ശേഷം നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങാതെയുള്ള രാഷ്ട്രീയ കളികളിലാണ് കുമ്മനം ഇടപെട്ടത്. എന്നാൽ ആർഎസ്എസിന്റെ എക്കാലത്തെയും തുറുപ്പ് ചീട്ടായി ഈ തീവ്രവർഗ്ഗീയവാദിയുണ്ടായിരുന്നു. ആർഎസ്എസിന്റെ പ്രത്യേക താൽപര്യമാണ് കുമ്മനത്തെ അപ്രതീക്ഷിതമായി ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയതും. നിലയ്ക്കൽ സമരമാണ് ആർഎസ്എസ് വഴി ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലെത്താൻ കുമ്മനത്തെ സഹായിച്ചത് എന്നതിനാലാണ് കോട്ടയം അദ്ദേഹത്തിന്റെ ഭാഗ്യമണ്ണാണെന്ന് പറയുന്നത്.

ജനരക്ഷാ യാത്ര ഇതേ കോട്ടയത്ത് എത്തിയപ്പോഴാണ് സോളാർ കമ്മിഷൻ റിപ്പോർട്ടിന്റെ ആദ്യ വെടിപൊട്ടിയത് എന്നതാണ് ഇവിടെ കാര്യം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരെ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കുമ്മനത്തിന് യാത്ര തുടങ്ങി ഇത്ര ദിവസമായിട്ടും ആദ്യമായി കിട്ടിയ ആയുധം. എന്നാൽ അതിലും നല്ല ആയുധം ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ടിപി വധക്കേസ് ഒത്തുതീർപ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാർ കേസ് റിപ്പോർട്ട് എന്ന് പറഞ്ഞതിലൂടെ വി ടി ബൽറാം എന്ന യുവ കോൺഗ്രസ് നേതാവ് അറിഞ്ഞോ അറിയാതെയോ രണ്ട് പാർട്ടികൾക്കുമെതിരെ ശക്തമായ ഒരു ആയുധം ബിജെപിയ്ക്ക് നൽകുകയായിരുന്നു. ഇപ്പോൾ പന്ത് കുമ്മനത്തിന്റെ കോർട്ടിലെത്തിയിരിക്കുന്നു. ഇനിയുള്ള ജില്ലകൾ കുമ്മനത്തിന് ആത്മവിശ്വാസത്തോടെ തന്നെ നടന്നു തീർക്കാൻ ബൽറാമിന്റെ ഈ വാക്കുകൾ മതി.

അതിന് പിന്നാലെയാണ് ടിപി കേസ് സത്യസന്ധമായി അന്വേഷിച്ചതിനാലാണ് തനിക്ക് മന്ത്രി സ്ഥാനം നഷ്ടമായതെന്നും തന്റെ കാലത്ത് ഒത്തുതീർപ്പുകളൊന്നുമുണ്ടായിട്ടില്ലെന്നും തെളിവുകളുണ്ടെങ്കിൽ അതുമായി ബൽറാം കോടതിയെ സമീപിക്കണമെന്നും മുൻആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞത്. കേസ് യുഡിഎഫ് അട്ടിമറിച്ചതാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വാക്കുകളിലുള്ളത്. താൻ ആത്മാർത്ഥമായാണ് കേസിനെ സമീപിച്ചതെന്നും എന്നാൽ അത് അട്ടിമറിയ്ക്കാൻ മറ്റാരോ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് തിരുവഞ്ചൂരിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്. കുമ്മനത്തെ സംബന്ധിച്ച് തിരുവനന്തപുരത്തെത്തുന്നത് വരെ തന്റെ യാത്രയിൽ ഇരു പാർട്ടികളെയും ആഞ്ഞടിക്കാനുള്ള വടിയാണ് ആ സൂചന.

ജിഹാദി ഭീകരതയെയും ചുവപ്പ് ഭീകരതയെയും ഇല്ലാതാക്കുമെന്നാണ് ജനരക്ഷാ യാത്ര അവകാശപ്പെടുന്നത്. ഇല്ലാത്ത ഒന്നിനെ ഇല്ലാതാക്കാനുള്ള യാത്രയെന്നാണ് അത് പരിഹസിക്കപ്പെട്ടതും. എന്നാൽ ചുവപ്പ് ഭീകരത കേരളത്തെ സംബന്ധിച്ച് ഏറ്റവും കൃത്യമായി ചൂണ്ടിക്കാട്ടാവുന്ന സംഭവമാണ് ടി പി ചന്ദ്രശേഖരൻ വധക്കേസ്. ഇത്രയും ദിവസങ്ങളിലും അപഹാസ്യമായ ജനരക്ഷാ യാത്രയ്ക്ക് ഇനിയുള്ള ദിവസങ്ങളിൽ ഊർജ്ജം ലഭിക്കുന്നതും അതിനാലാണ്. ബൽറാമിന്റെയും തിരുവഞ്ചൂരിന്റെയും പ്രസ്താവനകൾ കോൺഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുമ്പോൾ വിജയച്ചിരി ചിരിക്കുന്നത് ബിജെപി തന്നെയാണന്നതിന് സംശയം വേണ്ട. അവസാന ലാപ്പിലെങ്കിലും ജനരക്ഷാ യാത്ര ഉന്നയിക്കുന്ന വിഷയത്തെ എടുത്തുകാട്ടാൻ കുമ്മനത്തിന് സാധിച്ചിരിക്കുന്നു. സിപിഎമ്മിനെ കേരളത്തിൽ നിന്നും തുടച്ചു നീക്കാൻ സാധിച്ചില്ലെങ്കിലും തന്റെ യാത്ര വെറുതെയായില്ലെന്നെങ്കിലും കുമ്മനത്തിന് ഇനി അവകാശപ്പെടാം. ജനരക്ഷാ യാത്ര തിരുവനന്തപുരത്ത് എത്തുന്നതുവരെ പ്രസംഗങ്ങളിലൂടെ ഈ വിഷയത്തെ സജീവമായി നിലനിർത്തിയാൽ മാത്രം മതിയാകും.

Top