ജനീവ: സോളാര്‍ പാനലുകളുമായി ബന്ധപ്പെട്ട വിഷയത്തിലെ അമേരിക്കയുടെ പരാതി ലോക വ്യാപാര സംഘടന(ഡബ്ല്യൂ.ടി.ഒ)യില്‍ ഇന്ത്യക്ക് തിരിച്ചടിയായി. പരാതിക്കെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ ഡബ്ല്യൂ.ടി.ഒ തള്ളിയതാണ് തിരിച്ചടിയായത്.
സൗരോര്‍ജ ഉത്പാദനത്തിനുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യ ആഭ്യന്തര ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നു എന്നാതാണ് അമേരിക്കയുടെ പരാതി. കഴിഞ്ഞ ഫെബ്രവരിയില്‍ ഇന്ത്യയുടെ നടപടി നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ലോക വ്യാപാര സംഘടന വിധിച്ചിരുന്നു.
വിധി പ്രതികൂലമായതിനാല്‍ ഇന്ത്യക്ക് ഇനി അമേരിക്കന്‍ കമ്പനികളുടെ സോളാര്‍ പവര്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ആഭ്യന്തര ഉത്പാദകരില്‍ നിന്ന് സോളാര്‍ പാനലുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങണമെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൗരോര്‍ജ വിപണിയില്‍ നിന്ന് അമേരിക്കന്‍ കമ്പനികള്‍ക്ക് 90 ശതമാനം വിപണി നഷ്ടം വരുകയുണ്ടായത്. ഇതോടെയാണ് ലോക വ്യാപാര സംഘടനയെ അമേരിക്ക സമീപിച്ചത്. 2013ലാണ് വിഷയം നടന്നത്.
ഇറക്കുമതി ചെയ്യുന്നവയ്ക്കും പ്രാദേശികമായി ഉത്പാദിപ്പിക്കുന്നവയ്ക്കും തമ്മില്‍ ലോക വ്യാപാര സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വിവേചനം അനുവദിക്കുന്നില്ല. അതിനാല്‍ ഇന്ത്യയുടെ നടപടി ഡബ്ല്യൂ.ടി.ഒയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടിയാണ് അമേരിക്ക പരാതി നല്‍കിയത്.
അമേരിക്കയിലെ എട്ട് സംസ്ഥാനങ്ങളില്‍ സൗരാര്‍ജ വ്യവസായത്തിന് സബ്സിഡി നല്‍കിയതിനെതിരെ ഇന്ത്യയും ലോക വ്യാപാര സംഘടനയില്‍ പരാതിയ നല്‍കി.