കൊച്ചി: സോളാര്‍ കമ്മീഷനു മുന്നില്‍ 14 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവു നല്‍കലിനും വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളെന്നു വ്യക്തമാകുന്നു. സോളാര്‍ കേസിനു മുന്നില്‍ രാഷ്ട്രീയ ഗൂഡാലചനയുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാരിനു ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ വാദ മുഖങ്ങളെല്ലാം പൊളിയുന്ന കാഴ്ചയാണ് ആദ്യ ദിനം തന്നെ വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രി ഉയര്‍ത്തിയ വാദം തന്റെ ഓഫിസിലെ ആളുകള്‍ക്കു സരിതയുമായി ഫോണിലൂടെയുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ്. ഇതോടൊപ്പം സരിതയുമായി സാമ്പത്തിക ബന്ധമുണ്ടായിരുന്ന ടെനി ജോപ്പനെ തന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നു പുറത്താക്കിയെന്നും മുഖ്യമന്ത്രി അവകാശപ്പെടുന്നു.
എന്നാല്‍, മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നു ടെനി ജോപ്പനും, ജിക്കുമോന്‍ ജോസഫും, ഗണ്‍മോന്‍ സലിം രാജും പുറത്തായത് എപ്പോഴാണെന്നു ജനങ്ങള്‍ക്കു അറിയാവുന്ന സത്യം മറച്ചു വച്ചാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സോളാര്‍ കമ്മിഷനു മുന്നില്‍ കള്ളം പറഞ്ഞിരിക്കുന്നത്. ടെനി ജോപ്പന്‍ മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസ് ജോപ്പനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് , സോളാര്‍ സമരം കൊടുമ്പിരിക്കൊണ്ട ശേഷമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനും പുതുപ്പള്ളിക്കാരനുമായ ജിക്കുമോന്‍ ജോസഫിനെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നു പുറത്താക്കുന്നത്. അപ്പോഴും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഗണ്‍മാനായി സലിംരാജ് സ്റ്റാഫില്‍ തുടരുകയായിരുന്നു. രാത്രിയും പകലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ജിക്കുമോനും, സലിംരാജും മാറിമാറി സരിതയെ വിളിച്ചപ്പോഴും പ്രതിയായി ജയിലില്‍ കിടന്നത് ടെനിജോപ്പന്‍മാത്രമായിരുന്നു.
എന്നാല്‍, ടെനിജോപ്പനു മാത്രമാണ് സോളാര്‍ കേസുകൊണ്ടു നേട്ടമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ വാദം ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ടെനി ജോപ്പനെ കുരുതികൊടുത്ത മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ബിജുരാധാകൃഷ്ണനെ വച്ചു കളിച്ച രാഷ്ട്രീയ നാടകം തനിക്കു സ്വയം വിശുദ്ധപദവി സൃഷ്ടിക്കുന്നതിനു വേണ്ടിയായിരുന്നു എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇതിനു പിന്നാലെ, ഇപ്പോള്‍ പതിനാല് മണിക്കൂര്‍ നീണ്ട സോളാര്‍ കമ്മിഷനു മുന്നിലെ മൊഴി നല്‍കലിലൂടെ തന്റെ വിശുദ്ധ പദവി ഊട്ടി ഉറപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഉറപ്പായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതേ വിശുദ്ധ പദവിയുമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതും.