കൊച്ചി: സോളാര്‍ കേസില്‍ സലീം രാജിന്റെ മൊഴി മുഖ്യമന്ത്രിയ്ക്ക് കുരുക്കാകുമോ…? സോളാര്‍ കമ്മീഷനില്‍ സലീം രാജ് കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയില്‍ സരിതയും മുന്‍മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പരാമര്‍ശങ്ങളാണുള്ളത്.
സോളാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷനില്‍ ബുധനാഴ്ച മൊഴി നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ്.
തന്റെ രണ്ട് മൊബൈല്‍ ഫോണുകളിലായി സരിതയുമായി നടത്തിയ സംഭാഷണങ്ങളില്‍ ഇന്‍കമിങ് വിളികളില്‍ ഭൂരിഭാഗവും ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നുവെന്നും സലിം രാജ് പറഞ്ഞു. സലിം രാജിന്റെ 9048098977 എന്ന നമ്പറില്‍നിന്ന് സരിത ഉപയോഗിച്ചിരുന്ന 9446735555 എന്ന നമ്പറിലേക്കും തിരിച്ചും 202 വിളികള്‍ നടന്നിട്ടുണ്ട്. സരിതയുടെ 8606161700 എന്ന നമ്പറില്‍നിന്ന് സലിം രാജിന്റെ 9447349865 എന്ന നമ്പറിലേക്കും തിരിച്ചും 214 തവണ വിളികള്‍ നടത്തിയിട്ടുണ്ട്. ഈ 416 വിളികളില്‍ സരിത ഇങ്ങാട്ടു വിളിച്ചതിലധികവും ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാനായിട്ടായിരുന്നു. ഇതുകൂടാതെയാണ് ലാന്‍ഡ്‌ഫോണില്‍നിന്ന് വിളിച്ചിട്ടുള്ളത്.
താന്‍ ഉമ്മന്‍ ചാണ്ടിയുടെ സുരക്ഷാ ഡ്യൂട്ടിയിലുള്ളപ്പോഴായിരുന്നു വിളികളില്‍ അധികവും. നിരവധിതവണ തന്റെ ഫോണുപയോഗിച്ച് അദ്ദേഹം സരിതയോട് സംസാരിച്ചിട്ടുണ്ട്. ഡ്യൂട്ടിയിലില്ലാത്ത സമയത്താണ് സരിത വിളിക്കുന്നതെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം അപ്പോള്‍ ഡ്യൂട്ടിയിലുള്ളയാളുടെ നമ്പര്‍ കൊടുക്കുമായിരുന്നു. ജിക്കുമോന്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ നമ്പറാണ് കൊടുക്കാറുള്ളത്. ജിക്കുവിന്റെ ഫോണിലൂടെയും പലതവണ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ക്‌ളിഫ്‌ഹൌസിലെ ലാന്‍ഡ്‌ഫോണില്‍ താന്‍ സരിതയമായി സംസാരിച്ചിട്ടുണ്ട്. ക്‌ളിഫ്‌ഹൌസിലെ ഫോണുകള്‍ ദുരുപയോഗിച്ചുവെന്നു പറഞ്ഞാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ക്‌ളിഫ്‌ഹൌസിലെ ഫോണ്‍ പേഴ്‌സണല്‍ സ്റ്റാഫിലെ പലരും ഉപയോഗിക്കാറുണ്ട്. ജിക്കുമോന്‍, ആര്‍ കെ ബാലകൃഷ്ണന്‍ എന്നിവരും ഈ ഫോണില്‍നിന്ന് സരിതയെ വിളിച്ചിട്ടുണ്ട്. ക്‌ളിഫ്‌ഹൌസിലെ ഫോണില്‍നിന്ന് സരിതയെ വിളിച്ചതു മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടന്നത്.
സരിത അറസ്റ്റിലാകുന്നതിന് തലേന്ന് ക്‌ളിഫ്‌ഹൌസിലേക്ക് വിളിച്ചപ്പോള്‍ ഫോണെടുത്തത് താനായിരുന്നുവെന്ന് കമീഷന്റെ ചോദ്യത്തിനുത്തരമായി സലിം രാജ് പറഞ്ഞു. സരിത അന്ന് ഒരു ഫോണ്‍നമ്പര്‍ തന്നശേഷം അത് ആരുടേതാണെന്നു ചോദിച്ചു. എഴുകോണ്‍ സിഐയുടെ നമ്പറാണ് അതെന്ന് താന്‍ മറുപടിയും നല്‍കി.
പ്രത്യേക അന്വേഷണസംഘത്തലവനായിരുന്ന എഡിജിപി എ ഹേമചന്ദ്രനോടും മുന്‍ ഡിജിപി ടി പി സെന്‍കുമാറിനോടും ഉമ്മന്‍ ചാണ്ടി സരിതയെ വിളിക്കാറുള്ള കാര്യം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി സരിതയോട് സംസാരിക്കാറുണ്ടായിരുന്നുവോയെന്ന് ഈ രണ്ടുദ്യോഗസ്ഥരും തന്നോട് ചോദിച്ചില്ല. താനങ്ങോട്ട് വിവരങ്ങള്‍ പറയുകയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ വിവരങ്ങളല്ല അവര്‍ മൊഴിയില്‍ ഉള്‍പ്പെടുത്തിയത്. സരിതയോട് സലിം രാജ് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് എഡിജിപി തയ്യാറാക്കിയ മൊഴിയിലുള്ളത്. ഇങ്ങനെ താന്‍ സംസാരിച്ചിട്ടില്ല. പറഞ്ഞത് ഉള്‍പ്പെടുത്താതെ, പറയാത്തത് മൊഴിയില്‍ ചേര്‍ക്കുകയായിരുന്നു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കാണികള്‍ക്കിടയില്‍ സരിതയെ കണ്ടിട്ടുണ്ട്. കടപ്‌ളാമറ്റത്തെ പരിപാടിയിലാണ് ആദ്യം കണ്ടത്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സരിതയെ ഓഫീസിലോ ഔദ്യോഗികവസതിയിലോ നേരില്‍ കണ്ടതായറിയില്ല. ഇരുവരും ഫോണില്‍ എന്താണ് സംസാരിച്ചതെന്നുമറിയില്ല. ഔദ്യോഗികകാര്യങ്ങളല്ല പലപ്പോഴും സംസാരിച്ചിട്ടുള്ളതെന്നാണറിവ്.
സലിം രാജുമായുള്ള സംഭാഷണത്തിന്റ ശബ്ദരേഖ പെന്‍ഡ്രൈവിലാക്കി സരിത കമീഷനില്‍ ഹാജരാക്കിയത് കേള്‍പ്പിച്ചു. സലിം രാജിനെതിരായുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സരിതയെ വിസ്തരിക്കുന്നതിനു മുമ്പാണ് വിളിച്ചതെന്നും ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്നും സലിം രാജ് സമ്മതിച്ചു. സരിതയോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചത്. 2013 മെയ് 25ന് ബിജു രാധാകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ എറണാകുളം ഗസ്റ്റ്‌ഹൌസില്‍ കാണുമ്പോള്‍ ഡ്യൂട്ടിയില്‍ താനുണ്ടായിരുന്നുവെന്നും സരിത തന്നോട്, ടീം സോളാറുമായി ബന്ധപ്പെട്ട് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചുവെന്നും സലിം രാജ് മൊഴി നല്‍കി.