![](https://dailyindianherald.com/wp-content/uploads/2015/10/OOMMAN-CHANDY-dih-800-600.jpg)
കൊച്ചി :സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്റെ അനുമതി. ഉമ്മന്‍ ചാണ്ടിയെ നേരിട്ട് വിസ്തരിക്കണമെന്ന് സരിത എസ് നായര്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.
നേരത്തെ രണ്ട് തവണ സോളാര്‍ കമ്മീഷന് ഉമ്മന്‍ചാണ്ടിയെ വിസ്തരിച്ചിരുന്നു. അന്ന് സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം നിഷേധിച്ച ഉമ്മന്‍ചാണ്ടി സരിത എസ് നായരെ വ്യക്തിപരമായി അറിയില്ലെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ ‘കണ്ടിട്ടില്ല, കേട്ടിട്ടില്ല, മിണ്ടിയിട്ടില്ല’ എന്ന ഉമ്മന്‍ചാണ്ടി പറഞ്ഞ സ്ഥിതിക്ക് നേരിട്ട് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുമെന്ന് തന്നെയാണ് സരിത എസ് നായരുടെ നിലപാട്. താന്‍ കൊടുത്ത പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സരിത വ്യക്തമാക്കി.
അതേസമയം, സോളാര്‍ കമ്മീഷനില്‍ ഇന്നു ഹാജരായ ഉമ്മന്‍ ചാണ്ടി മുന്‍ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്കിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നല്കി. പക്ഷേ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സരിത നല്കിയ പരാതിയെ കുറിച്ചും അറിയാം. എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി സോളാര്‍ കമ്മീഷനു മുമ്പാകെ പറഞ്ഞു.
നേരത്തെ, രണ്ടു തവണ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കമ്മീഷന് വിസ്തരിച്ചിരുന്നു. ഡിസംബര്‍ 23ന് വിസ്തരിച്ചപ്പോള്‍ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. എമര്‍ജിംഗ് കേരളയില്‍ ടീം സോളാര്‍ പ്രോജക്ട് ഇല്ലായിരുന്നെന്നും തന്റെ പേരില്‍ വ്യാജകത്ത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി എടുത്തുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.