സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍; വിവാദത്തിന് ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് മരിച്ച ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ എത്തിച്ചത് വിവാദമാകുന്നു. വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ജനറല്‍ എച്ച്.എസ് പനാഗാണ് മൃതദേഹങ്ങളോടുള്ള അനാദരവിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മാതൃരാജ്യത്തെ സേവിക്കാന്‍ ഇന്നലെ ഏഴ് ചെറുപ്പക്കാര്‍ വെയിലത്തിറങ്ങി. ഇങ്ങനെയാണ് അവര്‍ തിരിച്ചു വന്നതെന്ന്’ ട്വീറ്റ് ചെയ്താണ് റിട്ട ലെഫ് ജനറല്‍ എച്ച എസ് പനാഗ് തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. പര്യാപ്തമായ സംവിധാനങ്ങള്‍ പ്രാദേശികമായി ലഭിക്കാതെ വന്നതിനാലാണ് ഇത്തരമൊരു സാഹചര്യത്തിന് ഇടയാക്കിയതെന്നാണു സേനയുടെ വിശദീകരണം. ‘സമുദ്രനിരപ്പില്‍ നിന്ന 17000 അടി ഉയരത്തില്‍ ആറ് ശവപ്പെട്ടികള്‍ താങ്ങാന്‍ ഹെലികോപ്ടറുകള്‍ക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ ഉപയോഗിക്കാന്‍ കാരണം’ സൈനിക വൃത്തങ്ങള്‍ പറയുന്നു. അതേസമയം, അതേ സമയം പെട്ടികള്‍ ഉപയോഗിക്കാന്‍ കഴിയില്ലായിരുന്നെങ്കില്‍ ബോഡി ബാഗുകള്‍ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. പാകിസ്ഥാനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന ചെറിയ സൈനിക പോസ്റ്റുകളില്‍ ബോഡിബാഗുകള്‍ സൈന്യം സൂക്ഷിക്കാറില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നടപടിയെ ആദ്യം പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ മൃതദേഹങ്ങള്‍ വഹിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് ഒടുവില്‍ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈനികരുടെ മൃതദേഹങ്ങള്‍ എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു. ചൈനാ അതിര്‍ത്തിക്കടുത്ത് തവാങ്ങില്‍ 17,000 അടി ഉയരത്തില്‍ എംഐ-17 വിമാനം തകര്‍ന്നാണ് ഏഴു സൈനികര്‍ മരിച്ചത്. രണ്ടു പൈലറ്റുമാരുള്‍പ്പെടെ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണു മരിച്ചത്.

Top