ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ സോമനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സെപ്തംബര്‍ 11നാണ് ഭാരതിക്കെതിരെ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജനക്കൂട്ടത്തിനൊപ്പം ഭാരതി എയിംസില്‍ അതിക്രമിച്ചു കടന്നുവെന്നും സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ചുവെന്നുമാണ് പരാതി. പൊതുമുതല്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ ആരോപണമുണ്ട്. മാളവ്യ നഗര്‍ എംഎല്‍എ ആയ സോമനാഥ് ഭാരതിക്കെതിരെ നേരത്തെ ഭാര്യ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് എഎപി എംഎല്‍എ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം പീഡനക്കേസില്‍ അമാനത്തുള്ള ഖാന്‍ അറസ്റ്റിലായിരുന്നു. ഇതുവരെ 13 എഎപി എംഎല്‍എമാരാണ് അറസ്റ്റിലായത്.