ഈ കുഞ്ഞിന്റെ ആദ്യ പിറന്നാളാണ്. കേക്ക് തലച്ചോറിന്റെ മാതൃകയില്‍. ബെര്‍ത്ത് ഡേ തീം സോമ്പി. തലച്ചോറ് പറിച്ചെടുത്തു തിന്നുകയാണ് ഫീനിക്‌സ്. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അമ്മയ്ക്ക് കിട്ടിയതോ തെറിവിളികള്‍ മാത്രം. ഓസ്‌ട്രേലിയയിലാണ് സംഭവം. ആമി ലൂയിസ് എന്ന അമ്മയാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇരയായത്. എന്നാല്‍ ഈ ചിത്രത്തിന് പിന്നിലെ കഥയാണ് ഈ അമ്മ വ്യക്തമാക്കുന്നത്. ഫീനിക്‌സ് ജനിച്ച് കഴിഞ്ഞ ഉടനെ ഡോക്ടര്‍മാര്‍ പറഞ്ഞു കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലെന്ന്. എന്റെ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ അവന്‍ കരഞ്ഞില്ല. എനിക്ക് സങ്കടത്തേക്കാളുപരി ദേഷ്യമാണ് വന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. അവന്‍ മരിച്ചെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഡോക്ടര്‍മാരോട് അവരുടെ ശ്രമം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടണമെന്നെനിക്ക് തോന്നി. കുറേ ശ്രമങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ എന്നെ വന്ന് ആശ്വസിപ്പിച്ചു കൊണ്ട് കുഞ്ഞ് പോയെന്നു പറഞ്ഞു. ഇതിനിടയില്‍ നഴ്‌സിന്റെ നിലവിളി ശബ്ദം കേട്ടു. അവന്‍ തിരിച്ചു വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതവും വിഷമവും പിടിച്ച പതിമൂന്ന് മിനുറ്റുകളായിരുന്നു അത്. അന്ന് അവന്‍ തെളിയിച്ചു അവന്‍ ഒരു പോരാളിയാണെന്ന്. കുഞ്ഞിന് തീരെ സുഖമില്ലാത്തതിനാല്‍ എന്നെ അവനെ കാണാന്‍ പോലും അനുവദിച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം അവനെ എന്റെ കൈയ്യില്‍ കിട്ടിയപ്പോഴാണ് എനിക്ക് സമാധാനമായത്. അത്ഭുതകരമായ എന്റെ പോരാളി. അതിനാലാണ് അവന്റെ ആദ്യ പിറന്നാളിന് മരിച്ച് ജിവിക്കുന്നവരുടെ തീം എടുത്തത്. ഇതാണ് ഏറ്റവും അനുയോജ്യമായതെന്ന് എനിക്ക് തോന്നി. ഈ അമ്മ പറയുന്നു. മരിച്ച് ജീവിക്കുന്നവരാണ് സോമ്പികള്‍ എന്ന് അറിയപ്പെടുന്നത്.