പെട്ടെന്നുള്ള സന്ധി വേദന, കാലുകളുടെയും പേശികളുടെയും വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ചിലപ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിന്‍റെ സൂചനയാകാം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കും. വിവിധ ഭക്ഷണ പാനീയങ്ങളിൽ കാണപ്പെടുന്ന സംയുക്തങ്ങളായ പ്യൂരിനുകള്‍ വിഘടിച്ചുണ്ടാകുന്ന ഉൽപന്നമാണ് യൂറിക് ആസിഡ്. സാധാരണയായി യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. എന്നാല്‍ ശരീരത്തിൽ അധികമായി യൂറിക് ആസിഡ് അടിഞ്ഞാല്‍, അവ ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലമാണ് കാലുകളില്‍ കഠിനമായ വേദന അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കടല്‍മീനുകള്‍
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ പോലെയുള്ള ഓയിലി ഫിഷുകളില്‍ പ്യൂറൈനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകാം. എന്നാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
റെഡ് മീറ്റ്
ബീഫ് പോലെയുള്ള റെഡ് മീറ്റില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
സോഡ
പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
ഫ്രക്ടോസ് കൂടുതലുള്ള പഴങ്ങൾ
ഫ്രക്ടോസ് കൂടുതലുള്ള ചില പഴങ്ങൾ യൂറിക് ആസിഡ് ഉൽപാദനം വർദ്ധിപ്പിക്കും. അതിനാല്‍ പഞ്ചസാര ധാരാളമടങ്ങിയ പഴങ്ങളും അമിതമായി കഴിക്കേണ്ട.
സംസ്കരിച്ച ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പ് അമിതമായി അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ചിലരില്‍ യൂറിക് ആസിഡ് അടിയാന്‍ കാരണമാകാം.
മഷ്റൂം
മഷ്റൂം അഥവാ കൂണിലും ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും മിതമായ അളവില്‍ മാത്രം കഴിക്കുക.
സോയാബീൻസ്
ഇവയും യൂറിക് ആസിഡിന്റെ അളവ് അതിവേഗം വർദ്ധിപ്പിക്കുന്നു. അതിനാല്‍ സോയാബീന്‍സും അധികം കഴിക്കേണ്ട.
വൈറ്റ് ബ്രെഡ്
വൈറ്റ് ബ്രെഡില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.