തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസിലെ കത്തു വിവാദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും യു.ഡി.എഫിലെ പ്രശ്‌നപരിഹാരത്തിനാകും ചര്‍ച്ചയില്‍ മുന്‍ഗണന.ഓരോ ഘടകകക്ഷിയിലെയും തെരഞ്ഞെടുത്ത നേതാക്കളുമായാണ് ചര്‍ച്ച. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മുന്നണിയിലുണ്ടായ പ്രശ്‌നങ്ങളും തിക്‌താനുഭവങ്ങളും ഘടകകക്ഷി നേതാക്കള്‍ സോണിയയെ ധരിപ്പിക്കും.
ബാര്‍ക്കേസിലെ സുപ്രീം കോടതി വിധിയടക്കം ചര്‍ച്ചയാകുമെന്നാണു സൂചന.ഡല്‍ഹിയില്‍നിന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് രാവിലെ സോണിയ ഗാന്ധി നെടുമ്പാശേരിയിലെത്തുക. അവിടെനിന്നു മൂന്നു ഹെലികോപ്‌ടറുകളിലായി സംഘം കോട്ടയത്തേക്കു പുറപ്പെടും.മുകുള്‍ വാസ്‌നിക്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ എന്നിവര്‍ സോണിയയെ ഹെലികോപ്‌ടറില്‍ അനുഗമിക്കും. യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാമത്തെ ഹെലികോപ്‌ടറിലാണ് എത്തുക.
ഉച്ചയ്‌ക്ക് 12.10നു സോണിയ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടെനിന്നു നേരേ നാട്ടകം ഗസ്‌റ്റ് ഹൗസിലേക്കു പോകുന്ന അവര്‍ ചര്‍ച്ചകള്‍ക്കും ഉച്ചഭക്ഷണത്തിനുംശേഷം 2.30നു പാമ്പാടിയിലേക്കു റോഡുമാര്‍ഗം പോകും. ആര്‍.ഐ.ടിയിലെ ഉദ്‌ഘാടന ചടങ്ങിനുശേഷം നാട്ടകം ഗസ്‌റ്റ് ഹൗസിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷ വൈകിട്ട് 5.30നു നെടുമ്പാശേരി വഴി ഡല്‍ഹിക്കു മടങ്ങും.
അതിനിടെ കോണ്‍ഗ്രസിലെ തമ്മിലടി അവസാനിപ്പിക്കണമെന്നും മുന്നണിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോണ്‍ഗ്രസുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയില്‍ യു.ഡി.എഫ് ഘടക കക്ഷികള്‍ ആവശ്യപ്പെട്ടു.അര്‍ഹമായ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടപ്പോള്‍ സീറ്റ് കൂട്ടി നല്‍കണമെന്ന് ജേക്കബ്ബ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, യു.ഡി.എപ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ എന്നിവരാണ് ഘടക കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയത്.പ്രശ്നങ്ങള്‍ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്ന് മുസ്ളീം ലീഗ് മുന്നറിയിപ്പ് നല്‍കി. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നം പരിഹരിക്കണം. ഘടക കക്ഷികളല്ല, കോണ്‍ഗ്രില്‍ നിന്ന് തന്നെയാണ് മുന്നണിക്കെതിരായ വിമര്‍ശനമുയരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റു പുഴ ഉള്‍പ്പെടെ നാല് സീറ്റ് വേണമെന്ന് മാണി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജില്ലാ തലങ്ങളില്‍ മുന്നണിക്കുള്ളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണമണെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃത്വവുമായി നടത്തിയ ചര്‍ച്ചകളിലെ സ്വരമായിരിക്കില്ല സോണിയയ്ക്കു മുന്നിലെങ്കിലും തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു നേരിട്ടും രേഖാമൂലവും ഉള്ള പരാതികള്‍ ഘടകകക്ഷി നേതാക്കള്‍ അവര്‍ക്കു നല്‍കുമെന്ന് ഉറപ്പാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു വഴിവച്ച കാരണങ്ങളാകും അവര്‍ക്കു ചൂണ്ടിക്കാട്ടാനുണ്ടാകുക. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും സന്നിഹിതനായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഈ സമയത്തു നാട്ടകം ഗസ്റ്റ് ഹൗസില്‍ തന്നെ ഉണ്ടാകുമെങ്കിലും ഈ ചര്‍ച്ചകളില്‍ അവര്‍ ഭാഗഭാക്കാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഘടകകക്ഷി നേതാക്കളുമായുള്ള ആശയവിനിമയത്തിനു ശേഷം ഈ മൂന്നു നേതാക്കളുമായി സോണിയ ചര്‍ച്ചകള്‍ നടത്തിയേക്കും. ഏതാണ്ടു രണ്ടു മണിക്കൂറിലധികം അവര്‍ ഗസ്റ്റ് ഹൗസിലുണ്ടാകും. ഉച്ചഭക്ഷണത്തിനുള്ള സമയം മാറ്റിവച്ചാലും ചര്‍ച്ചകള്‍ക്കുള്ള സമയം ഉണ്ടാകുമെന്നാണു കണക്കുകൂട്ടല്‍. യുഡിഎഫില്‍ ഐക്യം വര്‍ധിപ്പിക്കാനും മുന്നണിക്കകത്തെ അന്തരീക്ഷം മെച്ചപ്പെടുത്താനുമുള്ള വേദിയായാണു സോണിയയുടെ സന്ദര്‍ശനത്തെ പൊതുവില്‍ യുഡിഎഫ് നേതൃത്വം കാണുന്നത്.