![](https://dailyindianherald.com/wp-content/uploads/2016/05/SONIA-TVM-speech-news.jpg)
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വികാരനിര്‍ഭരയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മറുപടി.അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇറ്റലി ബന്ധം പരാമര്‍ശിച്ചുള്ള നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് വികാരനിര്‍ഭരയായി മറുപടി പറഞ്ഞ് സോണിയാ ഗാന്ധി.
”എന്‍റെ ജനനത്തിന്‍റെ പേരില്‍ തന്നെ ആര്‍.എസ്.എസും ബി.ജെ.പിയും കഴിഞ്ഞ 48 വര്‍ഷമായി അവഹേളിക്കുകയാണ്. എന്‍റെ രാജ്യവും വീടും ഇന്ത്യയാണ്. തന്‍റെ സത്യസന്ധതയെ വെല്ലുവിളിക്കാമെങ്കിലും ഇന്ത്യയോടുള്ള തന്‍റെ പ്രതബദ്ധതയെ മോദിക്ക് ചോദ്യം ചെയ്യാനാവില്ലെന്നും സോണിയാ ഗാന്ധി ”
തിരുവനന്തപുരത്ത് പറഞ്ഞു. ഇറ്റലിയില്‍ ജനിച്ചെന്നപേരില്‍ ആര്‍എസ്എസ്സും ബിജെപിയും വേട്ടയാടുകയാണ്. ഇറ്റലിയില്‍ ജനിച്ചെങ്കിലും ഇന്ത്യയാണ് തന്റെ നാട്. 48 വര്‍ഷം ജീവിച്ച രാജ്യമാണ് ഇന്ത്യ. ഞാന്‍ സ്നേഹിച്ചവരുടെ രക്തം വീണ മണ്ണാണ് ഇന്ത്യ. അവസാന ശ്വാസം വരെ ഞാന്‍ ഈ മണ്ണിലായിരിക്കും. ഈ മണ്ണിലാണ് എന്റെ ചിതാഭസ്മം അലിഞ്ഞ് ചേരേണ്ടത്-സോണിയ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശനത്തിനിടെ ഇറ്റലിക്കാര്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് സോണിയയുടെ ഇന്നത്തെ പ്രതികരണം.
കോപ്ടര്‍ ഇടപാടിലെ പേരുകള്‍ പുറത്തു വന്നത് ഇറ്റലിയില്‍ നിന്നാണെന്നും പണം വാങ്ങിയവരാണ് ഇനി അകത്താകാനുള്ളതെന്ന് തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയാണ് മോദി പരിഹസിച്ചത്. തലസ്ഥാനത്തെ തന്നെ പ്രചാരണ യോഗത്തില്‍ സോണിയ വൈകാരികമായി മറുപടിയും പറയുന്നു.
എന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ മോദിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് എന്റെ വികാരം മനസിലായേക്കില്ല. പക്ഷേ, ജനങ്ങള്‍ക്ക് മനസിലാകുമെന്നും സോണിയ പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നേരത്തെ, തൃശൂരില്‍ നടന്ന യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സോണിയയുടെ പ്രസംഗം.