ഏദന്‍: യമനിലെ ഹുദൈദയിലുള്ള ജയിലിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 2014 മുതല്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സൗദിയുടെ ആക്രമണം. ജയിലില്‍ 84 തടവുകാരാണ് ഉണ്ടായിരുന്നതെന്നാണ് കണക്കുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി വിമതസേനയും പറഞ്ഞു.ഹൂതി വിമതരുടെ ഉപയോഗത്തിലുള്ളതായിരുന്നു ജയിലെന്ന് സൗദി സഖ്യസേന അവകാശപ്പെട്ടു. ഈ മാസം ആദ്യം മരണവീടിന് നേരെ സൗദി സേന നടത്തിയ ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷവും സാധാരണക്കാരായിരുന്നു കൊല്ലപ്പെട്ടിരുന്നത്.
യമനിലെ അഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി യു.എന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന കരാര്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദി തള്ളിയതിന് പിന്നാലെയാണ് സൗദിയുടെ പുതിയ ആക്രമണം.യമന്‍ പ്രസിഡന്റ് ഹാദിയെ പിന്തുണയ്ക്കുന്നവരും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം 2014ലാണ് തുടങ്ങിയത്. ഏഴായിരത്തിലധികം പേരാണ് ഇതിനകം കൊല്ലപ്പെട്ടിട്ടുള്ളത്.