ന്യുഡല്‍ഹി:ന്യൂഡല്‍ഹി: സൗമ്യകേസ് തുറന്ന കേടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ അമ്മയും സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവുണ്ടായത്. ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സൗമ്യയുടെ അമ്മ സുമതിയുടെയും നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിനു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഹാജരായത്.
ഇന്നാണ് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുടെ അഭിഭാഷകനും ഈ കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് കോടതി മുമ്പാകെ ആവശ്യപ്പെട്ടത്. ഗോവിന്ദച്ചാമിയുടെ കൊലപാതക കുറ്റം ഒഴിവാക്കിയ കോടതിയുടെ കണ്ടെത്തലില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചു. തുറന്ന കോടതിയില്‍ കേസ് പരിഗണിക്കാമെന്നും വാദം കേള്‍ക്കുന്ന തിയതി നിശ്ചയിച്ച ശേഷം അറിയിക്കാമെന്നും ജസ്റ്റിസ് രഞ്ജന്‍ മങ്കോയി അധ്യക്ഷനായിട്ടുള്ള ബെഞ്ച് അറിയിക്കുകയായിരുന്നു.. സുപ്രീംകോടതിക്കു മുന്നില്‍ പ്രോസിക്യൂഷനു കൃത്യമായി ഉന്നയിക്കാന്‍ കഴിയാതിരുന്ന വാദങ്ങള്‍ കൂടുതല്‍ ശക്തമായി സമാന ബെഞ്ചിനു മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കും.
ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്‌തെന്നു വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു വ്യക്തമാക്കിയാണു വധശിക്ഷ ഒഴിവാക്കി സുപ്രീംകോടതി ശിക്ഷ വിധിച്ചത്. പ്രതിക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നതായും കോടതി അന്നു വ്യക്തമാക്കിയിരുന്നു. സാധരണയായി പുന: പരിശോധനാ ഹര്‍ജികള്‍ ജഡ്ജിമാരുടെ ചേംബറിലാണ് സുപ്രീം കോടതി പരിഗണിക്കാറുള്ളത്.വധ
ശിക്ഷയ്ക്കെതിരായ പുന: പരിശോധനാ ഹര്‍ജി മാത്രമാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാറുള്ളത്. ഈ കേസ് അസാധാരണ കേസായി പരിഗണിച്ചുകൊണ്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയുടെ അഭിഭാഷകനും ആവശ്യപ്പെട്ടത്.
സൗമ്യയെ കൊലപ്പെടുത്തിയത് ഗോവിന്ദച്ചാമിയെന്നതിന് കൃത്യമായ തെളിവുണ്ടെന്നും സൗമ്യയുടെ തലയിലെ മരണത്തിന് കാരണമായ മുറിവിനെ മാറ്റി നിര്‍ത്തികൊണ്ട് ഒരു സംശയത്തിന്റെ ആനുകൂല്യം ഗോവിന്ദച്ചാമിക്ക് നല്‍കിയ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്നും പുന: പരിശോധനാ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും ചൂണ്ടി കാട്ടിയിരുന്നു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ വിധിച്ചതിലും, സുപ്രീം കോടതിയില്‍ വധ ശിക്ഷ ഇളവ് ചെയ്തതിലും കോടതിക്ക് തെറ്റു പറ്റിയെന്നു പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. വാദിഭാഗം അഭിഭാഷകന്‍ കോടതിയുടെ മുന്നില്‍ കൂടുതല്‍ വിശകലനങ്ങള്‍ നടത്തിയില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് ഗണേശന്റെ മകളും കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയുമായിരുന്ന സൗമ്യ (23) 2011 ഫെബ്രുവരി ഒന്നിനാണു കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ആക്രമിക്കപ്പെട്ടതും പിന്നീട് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതും. ട്രെയിനില്‍നിന്നു വീണ സൗമ്യയ്ക്കു പിന്നാലെ ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. പാളത്തില്‍ പരുക്കേറ്റു കിടന്ന സൗമ്യയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപം കിടത്തി പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം സൗമ്യയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടെന്നും പൊലീസ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന സൗമ്യയെ പിന്നീടു പരിസരവാസികള്‍ കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിനു പാലക്കാട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന സൗമ്യ ഫെബ്രുവരി ആറിനു മരിച്ചു.
10.30ന് കേസ് പരിഗണിച്ചയുടൻ തന്നെ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ കേസിന്‍റെ പുന:പ്പരിശോധന ഹരജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് അഭ്യർഥിക്കുകയായിരുന്നു. എതിർവാദങ്ങളൊന്നും ഉന്നയിക്കാതെയാണ് ജഡ്ജി സംസ്ഥാന സർക്കാറിന്‍റെ വാദം അംഗീകരിച്ചത്. തുടർന്ന് സൗമ്യയുടെ അമ്മ സുമതിയുടെ അപേക്ഷയും കോടതി അംഗീകരിച്ചു. കേസിന്‍റെ വാദത്തിൽ ചില പിഴവുകളുണ്ടായെന്നും ചില വസ്തുതകൾ സുപ്രീം കോടതി പരിഗണിച്ചില്ലെന്നും കാണിച്ചാണ് സർക്കാറും സൗമ്യയുടെ അമ്മ സുമതിയും പുന:പ്പരിശോധന ഹരജി നൽകിയിരിക്കുന്നത്.
വധശിക്ഷ സംബന്ധിച്ച് പുനപ്പരിശോധന ഹരജികൾ സാധാരണ ജഡ്ജിമാരുടെ ചേംബറിലാണ് വാദം കേൾക്കാറുള്ളത്. ഗുരുതരമായ നിയമ പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമേ ഇത്തരം കേസുകൾ തുറന്ന കോടതികളിൽ വാദം കേൾക്കാറുള്ളൂ. ഇതോടെ കേസിന്‍റെ നിയമവശങ്ങൾ വാദിക്കാൻ വീണ്ടും അവസരം കിട്ടും. തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി സമ്മതിച്ചതിലൂടെ ആദ്യഘട്ടത്തിൽ വിജയം സ്വന്തമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്.