ന്യൂഡല്‍ഹി : സൗമ്യ വധക്കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് പരിഗണിക്കുമ്പോള്‍ തന്‍റെ വാദം കൂടി കേള്‍ക്കണമെന്നും സുമതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കൊലക്കുറ്റത്തിന് മതിയായ തെളിവുകള്‍ ഉണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ കോടതി റദ്ദാക്കിയത്. ബലാത്സംഗത്തിന് കീഴ്ക്കോടതിയും ഹൈക്കോടതിയും വിധിച്ച ജീവപര്യന്തം ശിക്ഷ കോടതി ശരിവച്ചിരുന്നു. വധശ്രമത്തിന് ഏഴു വർഷം തടവാണ് വിധിച്ചിരിക്കുന്നത്. വധശിക്ഷ വിധിച്ച തൃശൂർ അതിവേഗ കോടതിയുടെയും ഇതു ശരിവച്ച ഹൈക്കോടതിയുടെയും വിധിക്കെതിരേ ഗോവിന്ദച്ചാമി നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതിനെ തുടർന്നാണ് റിവ്യു ഹർജി നൽകാൻ സുമതി തീരുമാനിച്ചത്.