സ്‌പോട്‌സ് ലേഖകൻ
ടൊലൂസ്: നിലവിലെ ചാംപ്യൻമാരായ സ്‌പെയിൻ ജയത്തോടെ യൂറോ കപ്പിന് തുടക്കമിട്ടു. ഇന്നലെ നടന്ന ഗ്രൂപ്പ് ഡി മൽസരത്തിൽ ശക്തരായ ചെക് റിപബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെമ്പട മറികടന്നത്.
ഗോൾരഹിത സമനില കൊണ്ട് സ്‌പെയിനിനു തൃപ്തിപ്പെടേണ്ടിവരുമെന്നിരിക്കെയായിരുന്നു വിജയഗോൾ. ഫൈനൽ വിസിലിന് മൂന്നു മിനിറ്റ് ബാക്കിയുള്ള ബാഴ്‌സലോണ ഡിഫന്റർ ജെറാർഡ് പിക്വെയാണ് ചാംപ്യൻമാരുടെ മാനംകാത്ത ഗോളിന് അവകാശിയായത്. സ്റ്റാർ പ്ലേമേക്കർ ആന്ദ്രെസ് ഇനിയേസ്റ്റയായിരുന്നു ഗോളിനു പിറകിൽ. ഗ്രൗണ്ടിന്റെ മധ്യനിരയിൽ വച്ച് പന്ത് സ്വീകരിച്ച് മുന്നേറിയ ഇനിയേസ്റ്റ ബോക്‌സിനുള്ളിലേക്കു നൽകിയ മനോഹരമായ ക്രോസ് പിക്വെ ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
മൽസരത്തിൽ സ്‌പെയിനിനായിരുന്നു മേൽക്കൈ. തുടക്കം മുതൽ സ്‌പെയിൻ ആക്രമിച്ചു കളിച്ചപ്പോൾ പ്ര തിരോധിച്ചുനിൽക്കാനാണ് ചെക് ശ്രമിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ഗോൾകീപ്പർമാരുടെ പോരാട്ടം കൂടിയായിരുന്നു ഈ മൽസരം. സ്‌പെയിനിനുവേണ്ടി ഡേവിഡ് ഡെഹെയ ഗോൾവല കാത്തപ്പോൾ ചെക് ഗോൾമുഖത്ത് പീറ്റർ ചെക്കായിരുന്നു.
15ാം മിനിറ്റിൽ സ്‌പെയിൻ മുന്നിലെത്തേണ്ടതായിരുന്നു. ഡേവിഡ് സിൽവയുടെ ക്രോസിൽ അൽവാറോ മൊറാറ്റയുടെ ഗോളെന്നുറച്ച ഷോട്ട് ചെക്ക് വിഫലമാക്കി.